ഇംഫാൽ: മണിപ്പൂരിലെ ജിരിബാമിലുണ്ടായ കുക്കി-മെയ്‌തി സംഘർഷത്തിൽ സ്‌ത്രീകളും കുട്ടികളും കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി. മണിപ്പൂരില്‍ നടന്ന സമാനമായ മറ്റ് രണ്ടു കേസുകൾ കൂടി ഏജന്‍സി അന്വേഷിക്കുമെന്നും എൻഐഎ പത്രക്കുറിപ്പിൽ അറിയിച്ചു.
നവംബർ 11 ന് ബോറോബെക്രയിൽ നിരവധി വീടുകൾ കത്തിക്കുകയും രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്‌ത കേസാണ് ഇവയിൽ ആദ്യത്തേത്. അജ്ഞാതരായ അക്രമികൾ 3 സ്‌ത്രീകളും 3 കുട്ടികളും ഉൾപ്പെടെ 6 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ഇതിനൊപ്പം അന്വേഷിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നവംബർ 11-ന് തന്നെ ജകുരധോർ കരോങ്, ബോറോബെക്ര പൊലീസ് സ്‌റ്റേഷനുകളിൽ സ്ഥിതി ചെയ്യുന്ന സിആർപിഎഫ് പോസ്‌റ്റിന് നേരെ സായുധ തീവ്രവാദികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടതാണ് എൻഐഎ അന്വേഷിക്കുന്ന രണ്ടാമത്തെ കേസ്. ആക്രമണത്തിൽ ഒരു സിആർപിഎഫ് കോൺസ്‌റ്റബിളിന് വെടിയേറ്റിരുന്നു. പിന്നാലെ സുരക്ഷാ സേനയും പൊലീസും നടത്തിയ തിരച്ചിലിനിടെ ആക്രമണം നടന്ന പ്രദേശത്തുനിന്ന് സായുധ തീവ്രവാദികളുടെ മൃതദേഹങ്ങളും കണ്ടെത്തി.
നവംബർ 7 ന് സായുധ തീവ്രവാദികൾ ജിരിബാമിൽ ഒരു സ്‌ത്രീയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ കേസ്. ജിരിബാമിലെ ജൈറോൽപോക്‌പി (സൈറൗൺ) സ്വദേശിയും മൂന്ന് കുട്ടികളുടെ അമ്മയുമായ 31-കാരിയെയാണ് സ്വവസതിയിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌തശേഷം ജീവനോടെ ചുട്ടുകൊന്നത്.
നവംബർ 21-22 തീയതികളിൽ മൂന്ന് കേസുകളുമായും ബന്ധപ്പെട്ട സ്ഥലങ്ങൾ എൻഐഎ സംഘം സന്ദർശിച്ചിരുന്നു. ലോക്കൽ പൊലീസിൽ നിന്ന് കേസിൻ്റെ രേഖകൾ എൻഐഎയ്ക്ക് കൈമാറാനുള്ള നടപടിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
Aldo Read: മണിപ്പൂർ കലാപം: സ്ഥിതി ഗുരുതരമെന്ന് സൂചന, ഉന്നതതല യോഗം ചേര്‍ന്ന് അമിത് ഷാ