ലണ്ടന്‍: ടി20 ക്രിക്കറ്റില്‍ 600 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ താരമായി വെസ്‌റ്റ്‌ഇന്‍ഡീസ് ക്രിക്കറ്റ് ടീം മുന്‍ നായകൻ കീറോണ്‍ പൊള്ളാര്‍ഡ്. വിന്‍ഡീസ് ദേശീയ ടീമിനായും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വിവിധ ടീമുകള്‍ക്കായും കളിച്ചാണ് താരം നിര്‍ണായക നാഴികകല്ല് പിന്നിട്ടത്. ദ ഹൺഡ്രഡ് ലീഗില്‍ ലണ്ടന്‍ സ്‌പിരിറ്റിനായി മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരായാണ് താരം തന്‍റെ 600ാം മത്സരം കളിച്ചത്.
2006ല്‍ കുട്ടി ക്രിക്കറ്റിന്‍റെ തുടക്കം മുതല്‍ ലോകത്തെ പ്രധാനപ്പെട്ട ഫ്രാഞ്ചൈസി ലീഗുകളിലെല്ലാം പൊള്ളാര്‍ഡ് കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായാണ് താരം കളിക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സ്, മെല്‍ബണ്‍ റെനെഗേഡ്‌സ് ടീമുകളെ താരം പ്രതിനിധീകരിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സ്, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, പെഷാവര്‍ സാല്‍മി ടീമുകള്‍ക്കായും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിനിഡാഡ് നൈറ്റ് റൈഡേഴ്‌സിനായും കളിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്കാ ഗ്ലാഡിയേറ്റേര്‍സിനും ധാക്ക ഡൈനമൈറ്റിനുമായും താരം കളത്തിലിറങ്ങുകയും ചെയ്‌തു.
'ഈ കാലയളവില്‍ ഇത്രയേറെ മത്സരങ്ങളില്‍ കളിക്കാനാവുമെന്ന് കരുതിയിരുന്നില്ല. ഒരു ഫോര്‍മാറ്റില്‍ 600 മത്സരങ്ങള്‍ കളിക്കുക വലിയ നേട്ടമാണ്. കഴിയുന്നത്രയും കാലം കളിക്കളത്തില്‍ തുടരും. ഞാനിത് ആസ്വദിക്കുന്നു.' പൊള്ളാര്‍ഡ് മത്സരശേഷം ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിന്‍റെ ഡ്വെയ്‌ന്‍ ബ്രാവോ (543 മത്സരങ്ങള്‍), പാകിസ്ഥാന്‍റെ ഷൊയ്‌ബ് മാലിക് (472 മത്സരങ്ങള്‍), വിന്‍ഡീസ് താരമായ ക്രിസ് ഗെയ്‌ല്‍ (463 മത്സരങ്ങള്‍), ഇംഗ്ലണ്ടിന്‍റെ രവി ബൊപ്പാര (426 മത്സരങ്ങള്‍) എന്നിവരാണ് പൊള്ളാര്‍ഡിന് പിന്നിലുള്ള താരങ്ങള്‍. അതേസമയം മത്സരത്തില്‍ 11 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്ത പൊള്ളാര്‍ഡ് പുറത്താകാതെ നിന്നിരുന്നു. താരത്തിന്‍റെ മികവില്‍ 52 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം പിടിക്കാനും ലണ്ടന്‍ സ്‌പിരിറ്റിന് കഴിഞ്ഞു.