ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ താരമായി തിളങ്ങിയത് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ്. മൊഹാലിയിലും ചിന്നസ്വാമിയിലുമായി നടന്ന രണ്ട് മത്സര പരമ്പര ഇന്ത്യ ഏകപക്ഷീയമായി തൂത്തുവാരിയപ്പോള്‍ റിഷഭിന്‍റെ പ്രകടനം നിര്‍ണായകമായി.
മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 97 പന്തില്‍ 96 റണ്‍സടിച്ച താരം, ചിന്നസ്വാമിയിലെ അദ്യ ഇന്നിങ്സില്‍ 26 പന്തില്‍ 39 റണ്‍സും, രണ്ടാം ഇന്നിങ്സില്‍ 28 പന്തില്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കിയിരുന്നു.
ഇതോടെ ടെസ്‌റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കാനും പന്തിനായി. മുന്‍ നായകന്‍ കപില്‍ ദേവിന്‍റെ റെക്കോഡാണ് പന്ത് പഴങ്കഥയാക്കിയത്. 1982-ല്‍ പാകിസ്ഥാനെതിരെ 30 പന്തില്‍ നിന്നായിരുന്നു കപിലിന്‍റെ അര്‍ധ സെഞ്ചുറി നേട്ടം.
ഇപ്പോഴിതാ ചിന്നസ്വാമിയില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കാനുള്ള തന്‍റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുയാണ് താരം. ''ഒരു ക്രിക്കറ്ററെന്ന നിലയിൽ, കൂടുതല്‍ മെച്ചപ്പെടാനാണ് ആഗ്രഹിക്കുന്നത്.
also read: പ്ലെയര്‍ ഓഫ് ദി മന്ത് ആയി ശ്രേയസ് അയ്യരും അമേലിയ കെറും
മുൻകാലങ്ങളിൽ, ഞാൻ കുറച്ച് തെറ്റുകൾ വരുത്തിയിട്ടുണ്ട്, പക്ഷേ അവ തിരുത്തി മുന്നേറാനാണ് ശ്രമം. ചിന്നസ്വാമിയിലേത് ബുദ്ധിമുട്ടുള്ള പിച്ചായിരുന്നു, ഇക്കാരണത്താലാണ് കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ തീരുമാനിച്ചത്”മത്സരത്തിന് ശേഷം പന്ത് പറഞ്ഞു.
വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നു. ആദ്യ ടെസ്റ്റില്‍ മൂന്ന് പേരെയും രണ്ടാം ടെസ്റ്റില്‍ അഞ്ച് പേരെയുമാണ് താരം തിരിച്ച് കയറ്റിത്. ഇത് തന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.