കേപ്‌ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ത്യ. ജനുവരി മൂന്നിന് കേപ്‌ടൗണിലാണ് മത്സരം ആരംഭിക്കുക. (India vs South Africa 2nd Test) സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും സന്ദര്‍ശകര്‍ തോല്‍വി സമ്മതിച്ചിരുന്നു. രണ്ട് മത്സര പരമ്പര സമനിലയിലാക്കണമെങ്കില്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും കേപ്‌ടൗണില്‍ കളി പിടിച്ചേ മതിയാവൂ.
ആദ്യ ടെസ്റ്റില്‍ ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ നിറം മങ്ങിയതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. ബാറ്റിങ് യൂണിറ്റില്‍ കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്കും ബോളിങ്ങില്‍ ജസ്‌പ്രീത് ബുംറയ്‌ക്കും മാത്രമാണ് തിളങ്ങാന്‍ കഴിഞ്ഞത്. ഇതോടെ കേപ്‌ടൗണില്‍ എന്തൊക്കെ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇതിനിടെ ടീമില്‍ ഒരൊറ്റ മാറ്റം മാത്രം നിര്‍ദേശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കണമെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. ( Irfan Pathan backs Ravindra Jadeja to replace R Ashwin in 2nd Test) ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ 39-കാരന്‍റെ വാക്കുകള്‍ ഇങ്ങിനെ...
"ഫിറ്റാണെങ്കില്‍ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരികെ എത്തണം. പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ച സെഞ്ചൂറിയനിലെ പിച്ചില്‍ അശ്വിൻ നന്നായി ബോൾ ചെയ്തു. പക്ഷെ, ഏഴാം നമ്പറില്‍ നിയന്ത്രണത്തോടെയുള്ള രവീന്ദ്ര ജഡേജയുടെ ബാറ്റിങ് നമ്മള്‍ മിസ് ചെയ്‌തു. അതിനാല്‍ ഫിറ്റാണെങ്കില്‍ ജഡേജ പ്ലേയിങ് ഇലവനിലുണ്ടാവണം" ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
സെഞ്ചൂറിയനില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും കുറഞ്ഞ ഇക്കോണമിയുള്ള ബോളറായിരുന്നു അശ്വിന്‍. 19 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങിയ താരം ഒരു വിക്കറ്റ് നേടിയിരുന്നു. 2.16 ആയിരുന്നു താരത്തിന്‍റെ ഇക്കോണമി. അതേസമയം നെറ്റ്സിൽ പ്രസിദ്ധ് കൃഷ്‌ണയ്ക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ രണ്ടാം ടെസ്റ്റിലും കളിപ്പിക്കാമെന്നും ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു.
"ബോളിങ് യൂണിറ്റില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചാല്‍ അതില്‍ യാതൊരു പ്രശ്‌നവുമില്ല. ഒരു മാറ്റം വരുത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് പകരം മുകേഷ് കുമാര്‍ വന്നേക്കാം.
എന്നാൽ നെറ്റ്‌സില്‍ പ്രസിദ്ധിന് ആത്മവിശ്വാസമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, രണ്ടാം ടെസ്റ്റിനായി അവനെ പിന്തുണയ്‌ക്കേണ്ടതുണ്ട്" -ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞുനിര്‍ത്തി. സെഞ്ചൂറിയനില്‍ അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങിയ പ്രസിദ്ധ് കൃഷ്‌ണ 20 ഓവറില്‍ 93 റണ്‍സ് വഴങ്ങി ഒരു വിക്കറ്റായിരുന്നു വീഴ്‌ത്തിയത്.
ALSO READ: അശ്വിനെ കൂറ്റന്‍ സിക്‌സറിന് തൂക്കി വിരാട് കോലി; പരിശീലന വീഡിയോ കാണാം...
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ആര്‍ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, ആവേശ് ഖാൻ.