പൂനെ: മൈതാനത്തിന്‍റെ നാല് പാടും പന്തടിച്ച് മിസ്റ്റര്‍ 360 ഡിഗ്രിയെന്ന വിശേഷണം ഇതിനകം തന്നെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സിന് മാത്രം സ്വന്തമായിരുന്ന വിശേഷണമായിരുന്നുവിത്. തന്‍റെ ശൈലിയോട് അടുത്തു നില്‍ക്കുന്ന കളിക്കാരനാണ് സൂര്യയെന്ന് സാക്ഷാല്‍ ഡിവില്ലിയേഴ്‌സ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്‌തമായ അഭിപ്രായമാണ് ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പഠാനുള്ളത്. സൂര്യയെ എബിഡിയുമായി താരതമ്യം ചെയ്യാനാവില്ലെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.
"ഡിവില്ലിയേഴ്‌സിനെയും സൂര്യകുമാറിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്. എനിക്ക് തോന്നുന്നത് സൂര്യയെക്കാള്‍ ഡിവില്ലിയേഴ്‌സിന് കരുത്തുണ്ടായിരുന്നു എന്നാണ്. ലോങ് ഓഫിനും കവറിനും മുകളിലൂടെ തുടര്‍ച്ചയായി ഷോട്ട് കളിക്കുന്ന കാര്യത്തില്‍ ഡിവില്ലിയേഴ്‌സ് സൂര്യയെക്കാള്‍ മുന്നിലായിരുന്നു", ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
സൂര്യയെ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറോട് താരതമ്യം ചെയ്യുന്നതാണ് നല്ലതെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ബട്‌ലറേക്കാള്‍ എന്തുകൊണ്ടും മുമ്പിലാണ് സൂര്യയെന്നും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.
"സൂര്യയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ബട്‌ലര്‍ക്ക് കരുത്തുറ്റ ഷോട്ടുകള്‍ കളിക്കാന്‍ കഴിയും. എന്നാല്‍ ഷോട്ടുകളുടെ വൈവിധ്യത്തില്‍ സൂര്യയാണ് ബട്‌ലറെക്കാള്‍ മുന്നിലുള്ളത്. കട്ട് ഷോട്ടുകളും കവറിനും മിഡ് വിക്കറ്റിനും മുകളിലൂടെയും സ്വീപ്പ് ഷോട്ടുകളുമെല്ലാം നല്ല രീതിയില്‍ കളിക്കാന്‍ സൂര്യയ്‌ക്ക് സാധിക്കും.
വിക്കറ്റിന് മുന്നിലേക്കും പിന്നിലേക്കും ഒരുപോലെ രണ്ട് തരത്തിലുള്ള സ്വീപ്പ് ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നതാണ് സൂര്യയുടെ പ്രത്യേകത", പഠാന്‍ പറഞ്ഞു. സൂര്യ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് തുടരണമെന്നും പഠാന്‍ അഭിപ്രായപ്പെട്ടു.
"മധ്യഓവറുകളില്‍ ഇത്തരത്തില്‍ കളിക്കുന്ന ഒരു ബാറ്ററെ ഇന്ത്യ ഇനി കണ്ടെത്തുമെന്ന് തോന്നുന്നില്ല. ബാറ്റിങ് ഓര്‍ഡറില്‍ സൂര്യ നാലാം നമ്പറില്‍ തന്നെ ഇറങ്ങുന്നതാണ് ഉത്തമം. കാരണം ക്രീസിലെത്തുമ്പോള്‍ തന്നെ സ്‌പിന്നര്‍മാര്‍ക്കെതിരെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ സൂര്യക്ക് കഴിയും.
ലോകക്രിക്കറ്റിൽ തന്നെ നാലാം നമ്പറിൽ സൂര്യയേക്കാള്‍ മികച്ച മറ്റൊരു ബാറ്ററുണ്ടാവില്ല", ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.
Also read: കോലിയും രോഹിത്തും ഇപ്പോള്‍ ഹാര്‍ദിക്കും അതുതന്നെ ചെയ്യുന്നു; പൊട്ടിത്തെറിച്ച് അജയ് ജഡേജ