മുംബൈ: മൂന്ന് മത്സര ടി20 പരമ്പരയ്‌ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയര്‍ലന്‍ഡിലേക്ക് പുറപ്പെട്ടു. പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന ജസ്‌പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ടീം യാത്ര തിരിച്ചത്. വിമാനത്തില്‍ നിന്നും പകര്‍ത്തിയ ടീമംഗങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
-
Ireland 🇮🇪, here we come ✈️ #TeamIndia | #IREvIND pic.twitter.com/A4P66WZJzP
— BCCI (@BCCI) August 15, 2023 " class="align-text-top noRightClick twitterSection" data="
">Ireland 🇮🇪, here we come ✈️ #TeamIndia | #IREvIND pic.twitter.com/A4P66WZJzP
— BCCI (@BCCI) August 15, 2023Ireland 🇮🇪, here we come ✈️ #TeamIndia | #IREvIND pic.twitter.com/A4P66WZJzP
— BCCI (@BCCI) August 15, 2023
ജസ്‌പ്രീത് ബുംറയോടൊപ്പം പ്രസിദ്ധ് കൃഷ്‌ണ, റിതുരാജ് ഗെയ്‌ക്‌വാദ്, റിങ്കു സിങ് തുടങ്ങിയ താരങ്ങളെ ചിത്രത്തില്‍ കാണാം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയുടെ ഭാഗമായിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, അര്‍ഷ്‌ദീപ് സിങ് എന്നിവര്‍ ഫ്ലോറിഡയില്‍ നിന്നും നേരിട്ട് വരും ദിവസങ്ങളില്‍ തന്നെ അയര്‍ലന്‍ഡിലേക്ക് പറക്കും.
ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ യുവ താരങ്ങളുടെ നിരയാണ് സെലക്‌ടര്‍മാര്‍ അയര്‍ലന്‍ഡിലേക്ക് അയക്കുന്നത്. ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തുന്ന ജസ്‌പ്രീത് ബുംറയ്‌ക്ക് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് നായക സ്ഥാനം നല്‍കിയത്.
കഴിഞ്ഞ സെപ്‌റ്റംബറിലായിരുന്നു ബുംറ ഇന്ത്യയ്‌ക്കായി അവസാന മത്സരം കളിച്ചത്. മുതുകിനേറ്റ പരിക്കിന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതിന് ശേഷമാണ് 29-കാരന്‍റെ മടങ്ങി വരവ്. തിരിച്ചുവരവില്‍ ബുംറയ്‌ക്ക് തന്‍റെ പഴയ വേഗവും താളവുമുണ്ടാവുമോയെന്ന് നിരവധി കോണുകളില്‍ നിന്നും ആശങ്കകളുയര്‍ന്നിരുന്നു. ഇതോടെ പരമ്പരയിലെ ബുംറയുടെ പ്രകടനം ഏറെ ശ്രദ്ധയോടെയാവും വിലയിരുത്തപ്പെടുക.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണും പരമ്പരയില്‍ ശ്രദ്ധാകേന്ദ്രമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടില്ല. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 10.67 എന്ന ശരാശരിയില്‍ 32 റൺസ് മാത്രമാണ് സഞ്‌ജുവിന് നേടാനായത്. അയര്‍ലന്‍ഡ് പര്യടനത്തില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്‌ജു ഇടം നേടിയിട്ടുള്ളത്.
പരമ്പരയില്‍ കൂടി നിരാശപ്പെടുത്തിയാല്‍ ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഇടം നേടാമെന്ന പ്രതീക്ഷകള്‍ അവസാനിക്കുകയും ഇന്ത്യന്‍ ടീമില്‍ താത്തിന്‍റെ സ്ഥാനം ചോദ്യചിഹ്നമായി മാറുകയും ചെയ്യും. ഐപിഎല്ലിലടക്കം മിന്നും പ്രകടനം നടത്തിയ ജിതേഷ് ശര്‍മയാണ് സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.
അതേസമയം ഡബ്ലിന്‍റെ പ്രാന്തപ്രദേശത്തുള്ള മലാഹിഡെയിലാണ് മൂന്ന് ടി20 മത്സരങ്ങളും നടക്കുന്നത്. ഓഗസ്റ്റ് 18-നാണ് പരമ്പരയിലെ ആദ്യ ടി20 നടക്കുക. തുടര്‍ന്ന് 20, 23 തിയതികളില്‍ രണ്ടും മൂന്നും മത്സരങ്ങള്‍ അരങ്ങേറും. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.
ഇന്ത്യന്‍ സ്‌ക്വാഡ്: റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ജസ്‌പ്രീത് ബുംറ (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്‌ണ.
അയര്‍ലന്‍ഡ് സ്‌ക്വാഡ്: പോൾ സ്റ്റിർലിങ് (ക്യാപ്റ്റൻ), ആൻഡ്രൂ ബാൽബിർണി, മാർക്ക് അഡയർ, റോസ് അഡയർ, കർട്ടിസ് കാംഫർ, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, ഫിയോൺ ഹാൻഡ്, ജോഷ് ലിറ്റിൽ, ബാരി മക്കാർത്തി, ഹാരി ടെക്‌ടർ, ലോർക്കൻ ടക്കർ, തിയോ വാൻ വോർകോം, ബെൻ വൈറ്റ്, ക്രെയഗ് യങ്.