അഹമ്മദാബാദ്: കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാന്‍ റോയല്‍സിന് സ്വപ്‌നതുല്യമായ തുടക്കമാണ് ഐപിഎല്‍ പതിനാറാം പതിപ്പിലും ലഭിച്ചിരിക്കുന്നത്. സഞ്‌ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന് ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലണ്ണത്തിലും വിജയിക്കാനായിട്ടുണ്ട്. പഞ്ചാബ് കിങ്‌സിനോട് മാത്രം ഒരു മത്സരം പരാജയപ്പെട്ട അവര്‍ നിലവില്‍ എട്ട് പോയിന്‍റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.
നായകന്‍ സഞ്‌ജു സാംസണ്‍ ആണ് അവരുടെ വജ്രായുധം. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറ്റം നടത്തിയ സഞ്‌ജുവിനെ 2021ലാണ് ടീം നായകനായി നിയമിച്ചത്. തൊട്ടടുത്ത വര്‍ഷം തന്നെ രാജസ്ഥാനെ ഐപിഎല്ലിന്‍റെ രണ്ടാം ഫൈനലിലെത്തിക്കാന്‍ സഞ്‌ജുവിന് സാധിച്ചിരുന്നു.
എന്നാല്‍ അന്ന് ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ വീണ് മടങ്ങാനായിരുന്നു അവരുടെ വിധി. കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടം തിരികെ പിടിക്കാനുറച്ചാണ് ഇക്കുറി സഞ്‌ജുവും സംഘവും കളത്തിലിറങ്ങിയിരിക്കുന്നത്. മികച്ച പ്രകടനം നടത്തി മുന്നേറുന്ന ടീമിന് സഞ്ജുവിലൂടെ രണ്ടാം കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം, ഐപിഎല്‍ പതിനാറാം പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വപ്‌ന കുതിപ്പ് തുടരുന്നതിനിടെ ടീം നായകന്‍ സഞ്‌ജു സാംസണെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് റോയല്‍സ് മുന്‍ താരം യൂസഫ് പത്താന്‍. നിലവില്‍ രാജസ്ഥാനെ നയിക്കുന്ന സഞ്‌ജു മികച്ച ഒരു ക്യാപ്‌റ്റന്‍ ആണെന്നാണ് യൂസഫിന്‍റെ അഭിപ്രായം. പ്രഥമ ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്നു യൂസഫ്.
'ഐപിഎല്‍ 2023ലെ ഏറ്റവും ശക്തമായ ഒരു ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഈ സീസണിലും മുന്‍ വര്‍ഷത്തെ പോലെ മികച്ച പ്രകടനമാണ് അവര്‍ കാഴ്‌ചവക്കുന്നത്. റോയല്‍സിന്‍റെ ബാറ്റിങ് യൂണിറ്റ് വളരെ ശക്തമാണ്.
മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുന്ന ബോളര്‍മാരും അവര്‍ക്കൊപ്പമുണ്ട്. കൂടാതെ സഞ്‌ജു സാംസണ്‍ എന്ന നായകനാണ് അവരുടെ കരുത്ത്. ഏറ്റവും മികച്ച ക്യാപ്‌റ്റനെ പോലെയാണ് അയാള്‍ ടീമിനെ നയിക്കുന്നത്' -സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിയില്‍ യൂസഫ് പത്താന്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം പതിപ്പില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തായിരുന്നു രാജസ്ഥാന്‍ തങ്ങളുടെ ജൈത്രയാത്ര തുടങ്ങിയത്. ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറിയടിച്ച് ബാറ്റ് കൊണ്ട് തിളങ്ങാനും റോയല്‍സ് നായകന് സാധിച്ചിരുന്നു. പഞ്ചാബിനെതിരെ രാജസ്ഥാന്‍ തോല്‍വി വഴങ്ങിയ തങ്ങളുടെ രണ്ടാം മത്സരത്തിലും ടീമിന്‍റെ ടോപ് സ്കോറര്‍ സഞ്‌ജുവായിരുന്നു.
പിന്നീട് ഡല്‍ഹി, ചെന്നൈ ടീമുകള്‍ക്കെതിരെ രാജസ്ഥാന്‍ ജയം പിടിച്ചെങ്കിലും മികവിലേക്ക് ഉയരാന്‍ സഞ്‌ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ ലീഗിലെ അഞ്ചാം മത്സരത്തില്‍ ഗുജറാത്തിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായി. അഹമ്മദാബാദില്‍ സഞ്‌ജുവിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ രാജസ്ഥാന്‍ റോയല്‍സ് വീഴ്‌ത്തിയത്.