മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ അവസാന പന്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയം സ്വന്തമാക്കിയത്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ എന്ന പട്ടം തന്നിൽ ഒരിക്കൽ കൂടി ഊട്ടി ഉറപ്പിച്ചാണ് ധോണി മനോഹരമായൊരു ബൗണ്ടറിയിലൂടെ ചെന്നൈയെ വിജയത്തിലേക്ക് എത്തിച്ചത്. ഇപ്പോൾ ധോണിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ നായകൻ രോഹിത് ശർമ്മ.
ചെന്നൈക്കെതിരെ മികച്ച മത്സരം തന്നെയായിരുന്നു. ഞങ്ങൾ ശരിയായ ദിശയിൽ തന്നെയാണ് കളിച്ചത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ബൗളർമാർ മത്സരം ഞങ്ങളിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ അവസാനം കളി മാറി. എംഎസ് ധോണി എത്രത്തോളം ശാന്തനായി മത്സരം പിടിച്ചെടുക്കുമെന്ന് നമുക്കെല്ലാം അറിയാം. രോഹിത് പറഞ്ഞു.
ധോണിയുടെ പ്രകടനത്തെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്സ് നായകൻ രവീന്ദ്ര ജഡേജയും രംഗത്തെത്തി. യഥാർഥത്തിൽ ഞങ്ങൾ വളരെ പിരിമുറുക്കത്തിലായിരുന്നു. കളി കൈവിട്ടുപോകുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ കളിക്കളത്തിലെ മികച്ച ഫിനിഷർ അവിടെയുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
അവസാന പന്തുവരെ ക്രീസിലുണ്ടെങ്കിൽ ധോണിക്ക് മത്സരം പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. താൻ ഇപ്പോഴും ഇവിടെയുണ്ടെന്നും മത്സരം ഫിനിഷ് ചെയ്യാൻ കഴിയുമെന്നും ധോണി ലോകത്തെ ഒരിക്കൽ കൂടി കാണിച്ചുകൊടുത്തു. ജഡേജ പറഞ്ഞു.
ALSO READ: IPL 2022: ഹിറ്റ് മാൻ ഇനി ഡക്ക് മാൻ; 'പൂജ്യത്തില്‍' പുതിയ റെക്കോഡിട്ട് രോഹിത് ശർമ്മ
ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറിൽ 17 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഡ്വെയ്‌ൻ പ്രിട്ടോറിയസ് പുറത്ത്. പിന്നാലെയെത്തിയ ബ്രാവോ രണ്ടാം പന്തിൽ സിംഗിൾ എടുത്ത് സ്‌ട്രൈക്ക് ധോണിക്ക് കൈമാറി. പിന്നെ കണ്ടത് ഫിനിഷർ ധോണിയെ.
മൂന്നാം പന്തിൽ തകർപ്പനൊരു സിക്‌സ്. ഇതോടെ ചെന്നൈക്ക് ജയിക്കാൻ വേണ്ടത് മൂന്ന് പന്തിൽ 10 റണ്‍സ്. നാലാം പന്തിൽ ഫോർ. അഞ്ചാം പന്തിൽ ഡബിൾസ്. അവസാന പന്തിൽ ജയിക്കാൻ വേണ്ടത് നാല് റണ്‍സ്. ഉനദ്ഘട്ടിന്‍റെ ലോ ഫുൾടോസ് ബൗണ്ടറിയിലേക്ക് മടക്കി കൂൾ ആയി ധോണി ചെന്നൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു.