മുംബൈ: ടീമെന്ന നിലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ചതാണെന്നും ഇനി വേണ്ടത് തുടർ വിജയങ്ങളാണെന്നും മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങ്. സീസണിന്‍റെ ആദ്യപകുതിയില്‍ ഡല്‍ഹിയുടെ പ്രകടനം വിലയിരുത്തുകയായിരുന്നു അദ്ദേഹം. സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയവും നാല് തോൽവിയുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഡല്‍ഹിയുള്ളത്.
''മത്സരത്തിന്‍റെ 36 അല്ലെങ്കില്‍ 37 ഓവറോളം മികച്ച പ്രകടനമാണ് ഞങ്ങള്‍ നടത്തുന്നതെന്ന് ഈ വര്‍ഷം ചില സമയങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള മൂന്നോ, നാലോ ഓവറുകളിലാണ് ഞങ്ങള്‍ മത്സരം കൈവിടുന്നത്. അതാവും മത്സരത്തില്‍ നിര്‍ണായകമാവുക. സീസണിലെ ആദ്യ ഭാഗത്ത് ഒരു ജയം, ഒരു തോല്‍വി എന്നിങ്ങനെ ജയപരാജയങ്ങള്‍ മാറി മാറി വരുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി വേണ്ടത് തുടര്‍ വിജയങ്ങളിലേക്കുള്ള കുതിപ്പാണ്.'' പോണ്ടിങ് പറഞ്ഞു.
സീസണില്‍ ഡല്‍ഹിയുടെ രണ്ടാം പകുതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "വിജയങ്ങള്‍ക്ക് വളരെ അടുത്താണ് ഞങ്ങളെന്ന് എനിക്കറിയാം. മുന്നോട്ടുള്ള യാത്രയില്‍ അത്മവിശ്വാസവും, ഉത്സാഹവും, പോസിറ്റീവ് മനോഭാവവുമാണ് വേണ്ടത്. തീർച്ചയായും ഞങ്ങള്‍ക്ക് കഠിനമായ പരിശ്രമങ്ങളിലൂടെ കാര്യങ്ങൾ മാറ്റി മറിയ്‌ക്കാനാവും. അതിന് വേണ്ടിയുള്ളതാണ് ഇനിയുള്ള ശ്രമങ്ങള്‍. വിജയങ്ങള്‍ നേടാനാവുന്ന ഒരു മികച്ച ടീമാണ് ഞങ്ങള്‍ക്കുള്ളത്. " പോണ്ടിങ് പറഞ്ഞ് നിര്‍ത്തി.
also read: മഹാന്മാരായ പലരും ഇതേ ഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ട്; കോലിക്ക് പിന്തുണയുമായി ഡുപ്ലെസിസ്
അടുത്ത മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഡല്‍ഹിയുടെ എതിരാളി. വ്യാഴാഴ്‌ച രാത്രി 7.30ന് വാങ്കഡെയിലാണ് ഇരു സംഘവും ഏറ്റുമുട്ടുക. കളിച്ച് എട്ട് മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ ഡല്‍ഹിക്ക് താഴെ എട്ടാം സ്ഥാനത്താണ്.