ന്യൂഡൽഹി: ഇന്ത്യയുടെ യുവതാരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമാണ് പൃഥി ഷാ. തുടക്കം മുതൽ ആക്രമിച്ച് കളിക്കാൻ കെൽപ്പുള്ള ചുരുക്കം ചില ഇന്ത്യൻ ഓപ്പണർമാരിൽ ഒരാളാണ് ഷാ. രാജ്യാന്തര മത്സരങ്ങളിൽ അരേങ്ങറ്റം കുറിച്ച കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഭാവി വാഗ്‌ദാനം എന്ന നിലയിലാണ് താരത്തെ വിലയിരുത്തിയിരുന്നത്. ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടാനും താരത്തിനായി. എന്നാൽ പിന്നീട് പൃഥി ഷായുടെ കരിയർ ഗ്രാഫ് കുത്തനെ താഴേക്ക് വീഴുകയായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച രീതിയിൽ ബാറ്റ് വീശുമ്പോഴും വർഷങ്ങളായി ദേശീയ ടീമിൽ താരത്തിന് ഇടമില്ല. എന്നാൽ ഇത്തവണത്തെ ഐപിഎല്ലിലൂടെ എല്ലാ കുറവുകളും പരിഹരിച്ച് പൃഥി ഷാ ശക്‌തമായി തിരിച്ചെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ആദ്യ രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ വലിയ നിരാശയാണ് താരം സമ്മാനിച്ചിരിക്കുന്നത്.
ഇപ്പോൾ പൃഥ്വി ഷായുടെ പ്രകടനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ വെടിക്കെട്ട് ഓപ്പണർ വിരേന്ദ്ര സെവാഗ്. ഒരു കാലത്ത് സെവാഗിന്‍റെ പിൻഗാമി എന്നായിരുന്നു പൃഥ്വി ഷായെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചിരുന്നത്. അതിനാൽ തന്ന കടുത്ത ഭാഷയിലായിരുന്നു താരം വിമർശനം ഉന്നയിച്ചത്. ഇന്ത്യയുടെ മറ്റൊരു യുവതാരമായ ശുഭ്‌മാൻ ഗില്ലിനെ പൃഥ്വി ഷാ മാതൃകയാക്കണമെന്നായിരുന്നു വിരേന്ദ്ര സെവാഗിന്‍റെ അഭിപ്രായം.
'ഇതാദ്യമായല്ല മോശം ഷോട്ടുകൾ കളിച്ച് പൃഥ്വി ഷാ പുറത്താകുന്നത്. എന്നാൽ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ അവൻ തയ്യാറാകുന്നില്ല. 2018ലെ അണ്ടർ 19 ലോകകപ്പിൽ പൃഥ്വി ഷായുടെ കീഴിൽ കളിച്ച താരമാണ് ശുഭ്‌മാൻ ഗിൽ. എന്നാൽ ഗിൽ ഇപ്പോൾ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളുടെ ഭാഗമാണ്. പക്ഷേ ഷാ ഇപ്പോഴും ഐപിഎല്ലിൽ സ്ഥാനം നിലനിർത്താൻ പോലും ബുദ്ധിമുട്ടുകയാണ്.
ഈ ഐപിഎല്ലിൽ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തി കൂടുതൽ റണ്‍സ് സ്‌കോർ ചെയ്യാൻ പൃഥ്വി ഷാ ശ്രമിക്കണം. റിതുരാജ് ഗെയ്‌ക്‌വാദിനെ നോക്കൂ. ഒരു ഐപിഎൽ സീസണിൽ റിതുരാജ് ഗെയ്‌ക്‌വാദ് 600 റണ്‍സ് നേടി. ശുഭ്‌മാൻ ഗില്ലും വലിയ റണ്‍സുകൾ നേടി. അതിനാൽ ഷാ തന്‍റെ ഐപിഎൽ സ്‌കോറുകളിൽ സ്ഥിരത പുലർത്താൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് അവന്‍റെ കരിയറിനെ ദേഷകരമായി ബാധിക്കും.' സെവാഗ് വ്യക്‌തമാക്കി.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരായ മത്സരത്തിൽ 9 പന്തുകളിൽ നിന്ന് രണ്ട് ഫോറുകൾ ഉൾപ്പെടെ 12 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. മാർക്ക് വുഡിന്‍റെ പന്തിൽ താരം ബൗൾഡാവുകയായിരുന്നു. ഗുജറാത്തിനെതിരായ രണ്ടാം മത്സരത്തിൽ 5 പന്തുകളിൽ നിന്ന് ഒരു ഫോർ ഉൾപ്പെടെ വെറും 7 റണ്‍സ് മാത്രമായിരുന്നു പൃഥ്വി ഷായ്‌ക്ക് സ്വന്തമാക്കാനായത്. ആദ്യ മത്സരത്തിൽ 50 റണ്‍സിനും രണ്ടാം മത്സരത്തിൽ ആറ് വിക്കറ്റിനുമാണ് ഡൽഹി തോൽവി വഴങ്ങിയത്.
ALSO READ: അക്‌സർ പട്ടേലിനെ എന്തുകൊണ്ട് പന്തെറിയിച്ചില്ല; വിശദീകരണവുമായി ഡേവിഡ് വാർണർ