മുംബൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവി നിരാശ നൽകുന്നതാണെങ്കിലും ടീം പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും. രാജസ്ഥാൻ മുൻപും തോൽവിയറിഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ ശക്തരായി ജയത്തിലെത്തിയ ചരിത്രവും രാജസ്ഥാൻ റോയൽസിനുണ്ടെന്നും നായകനായ സഞ്ജു സാംസൺ. വ്യക്തിഗത ആവശ്യങ്ങൾക്കായി ടീം വിട്ടിരുന്ന ഹെറ്റ്മെയർ ടീമിനൊപ്പം ചേരുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.
കുറഞ്ഞ വിജയലക്ഷ്യവും ഒപ്പം നിർഭാഗ്യവും രാജസ്ഥാന്‍റെ തോൽവിയിൽ നിർണായക ഘടകമായി. കുറച്ച് ക്യാച്ചുകൾ മുന്നിൽ വീണതും ചാഹലിന്‍റെ പന്തിൽ വാർണറുടെ സ്റ്റമ്പിൽ തട്ടിയെങ്കിലും ബെയ്‌ൽസ് വീഴാഞ്ഞതും റോയൽസിന് തിരിച്ചടിയായി.
ഡൽഹിക്കെതിരെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ രവി അശ്വിൻ (50), ദേവദത്ത് പടിക്കൽ (48) എന്നിവരുടെ മികച്ച ഇന്നിംഗ്‌സിന്‍റെ പിൻബലത്തിലാണ് 160 റൺസെടുത്തത്. ജോസ് ബട്‌ലറും സഞ്ജുവും നിരാശപ്പെടുത്തി. മറുപടി ബാറ്റിങ്ങിൽ മിച്ചൽ മാർഷും ഡേവിഡ് വാർണറും ചേർന്ന് ഡൽഹിയെ വിജയത്തിനടുത്തെത്തിച്ച ശേഷമാണ് പിരിഞ്ഞത്. മാർഷ് 62 പന്തിൽ 89 റൺസ് നേടിയപ്പോൾ, അർദ്ധ സെഞ്ച്വറിയുമായി വാർണർ പുറത്താകാതെ നിന്നു.