മുംബൈ : ഐപിഎല്‍ പതിനാറാം പതിപ്പിലെ ജീവന്‍മരണ പോരാട്ടത്തിനാണ് മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുന്നത്. വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രോഹിത്തിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. പോയിന്‍റ് പട്ടികയിലെ ആദ്യ നാലിലേക്ക് എത്താന്‍ ഇന്ന് മുംബൈക്ക് ജയം അനിവാര്യമാണ്.
ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞാല്‍ മാത്രമേ ഇന്ന് അവര്‍ക്ക് പ്ലേഓഫില്‍ സ്ഥാനം പിടിക്കാനാകൂ. അതിനിര്‍ണായക മത്സരത്തിന് മുംബൈ ഇന്ത്യന്‍സ് ഇന്ന് ഇറങ്ങുമ്പോള്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന നായകന്‍ രോഹിത് ശര്‍മയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി. ഇത്തരം സമ്മര്‍ദം നിറഞ്ഞ സാഹചര്യങ്ങളില്‍ രോഹിത് ഫോമിലേക്ക് ഉയരുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ.
13 കളികളില്‍ 14 പോയിന്‍റോടെ നാലാം സ്ഥാനത്തുള്ള മുംബൈക്കായി ഇക്കുറി ബാറ്റ് കൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കായിട്ടില്ല. മുഴുവന്‍ മത്സരങ്ങളിലും കളത്തിലിറങ്ങിയ താരത്തിന് ഇതുവരെ 257 റണ്‍സേ നേടാനായിട്ടുള്ളൂ. 131.12 പ്രഹരശേഷിയിലാണ് ഇക്കുറി രോഹിത്തിന്‍റെ ബാറ്റിങ്. സീസണില്‍ ആകെ ഒരു അര്‍ധസെഞ്ച്വറി മാത്രം അടിച്ച താരത്തിന്‍റെ ബാറ്റിങ് ശരാശരി 19.77 മാത്രമാണ്.
ഇത്തരം മോശം സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോഴാണ് മുംബൈ നായകനെ പിന്തുണച്ച് രവി ശസ്‌ത്രി രംഗത്തെത്തിയത്. 'രോഹിത്തിന് ആരുടെയും പ്രചോദനം ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
അവന് അധികം റണ്‍സ് കണ്ടെത്താനാകുന്നില്ല. രണ്ടോ മൂന്നോ പന്തുകള്‍ കളിച്ച് പുറത്താകുന്നു. ഇതെല്ലാം ദൗര്‍ഭാഗ്യം കൊണ്ട് മാത്രം സംഭവിക്കുന്നതാണ്.
റണ്‍സ് അടിച്ചെടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ എതിരാളികള്‍ക്ക് അയാളെ പിടിച്ചുനിര്‍ത്തുന്നത് ബുദ്ധിമുട്ടാകും. ആ രോഹിത് വളരെ വ്യത്യസ്‌തനായിരിക്കും' - ശാസ്‌ത്രി അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രത്യേക പരിപാടിയിലൂടെയായിരുന്നു രവി ശാസ്‌ത്രിയുടെ പ്രതികരണം.
തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് കളിച്ച അവസാന രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട കളി പുറത്തെടുക്കാന്‍ രോഹിത്തിനായി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 29 റണ്‍സടിച്ച മുംബൈ നായകന്‍ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 37 റണ്‍സ് നേടിയിരുന്നു. ഇന്ന് ഹൈദരാബാദിനെതിരെ നായകന്‍ രോഹിത്തിന്‍റെ ബാറ്റില്‍ നിന്ന് റണ്‍സൊഴുകുമെന്ന പ്രതീക്ഷയിലാണ് മുംബൈ ആരാധകരും.
നിലവില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷാന്‍, ടിം ഡേവിഡ്, ക്രിസ് ഗ്രീന്‍ എന്നിവരെല്ലാം തകര്‍പ്പന്‍ ഫോമിലാണ്. ഇവര്‍ക്കൊപ്പം രോഹിത് ശര്‍മയും മികവിലേക്ക് ഉയര്‍ന്നാല്‍ മുംബൈ ഇന്ത്യന്‍സിന് ഇന്ന് ഹൈദരാബാദിനെതിരെ കാര്യങ്ങളെല്ലാം എളുപ്പമാകും. ഹൈദരാബാദിനെ തോല്‍പ്പിച്ചാലും ബാംഗ്ലൂര്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയാലേ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫില്‍ ഇടം നേടാന്‍ സാധിക്കൂ.