മുംബൈ : കൊല്‍ക്കത്തക്കെതിരായ മത്സരത്തിൽ മുംബൈ സ്‌റ്റേഡിയത്തിൽ രാഹുൽ-ഡി കോക്ക് സഖ്യം റൺമഴ തീര്‍ത്തപ്പോള്‍ കൂടെ പെയ്‌തിറങ്ങിയത് നിരവധി റെക്കോഡുകള്‍. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 20 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സാണ് നേടിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഏതൊരു വിക്കറ്റിലേയും ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടാണ് ഡികോക്കും രാഹുലും ചേർന്ന് പടുത്തുയര്‍ത്തിയത്.
2016ൽ ഗുജറാത്ത് ലയൺസിനെതിരെ ബെംഗളൂരുവിനായി കോലിയും ഡിവില്ലേഴ്‌സും ചേർന്നുനേടിയ 229 റൺസാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏതൊരു വിക്കറ്റിലേയും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്. 2012ല്‍ രോഹിത് ശര്‍മയും ഗിബ്‌സും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പുറത്താകാതെ നേടിയ 167 റണ്‍സായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്. ഐപിഎൽ ഇന്നിങ്ങ്‌സിൽ 20 ഓവറും ബാറ്റ് ചെയ്‌ത ആദ്യ കൂട്ടുകെട്ടും ഇവരായി മാറി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ഐപിഎൽ സ്കോറാണ് ക്വിന്‍റൺ ഡി കോക്ക് നേടിയ 140 റൺസ്. ഐപിഎല്ലില്‍ തന്‍റെ രണ്ടാം സെഞ്ചുറിയാണ് ഡികോക്ക് കുറിച്ചത്. 2016ൽ ബെംഗളൂരുവിനെതിരെയായിരുന്നു ആദ്യ സെഞ്ചറി.