മുംബൈ: ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷായെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നത് ഡൽഹി ക്യാമ്പിന് ആശ്വാസം നൽകുന്ന വാർത്തയാണ്.
![Prithvi Shaw fever Prithvi Shaw admitted to hospital Prithvi Shaw covid test Prithvi Shaw update പൃഥ്വി ഷാക്ക് കടുത്ത പനി കടുത്ത പനിയെത്തുടർന്ന് പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പൃഥ്വി ഷായ്‌ക്ക് കടുത്ത പനി പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഡൽഹി ക്യാപിറ്റൽസ് IPL 2022 Covid in delhi capitals camp](https://etvbharatimages.akamaized.net/etvbharat/prod-images/15230373_shaw.jpg)
'ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി സുഖം പ്രാപിച്ചു വരുന്നു. നിങ്ങളുടെ പ്രാർഥനകൾക്ക് നന്ദി. ഉടൻതന്നെ ഞാൻ തിരിച്ചെത്തും. ഷാ ആശുപത്രിയിൽ കിടക്കുന്ന ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചുകൊണ്ട് അറിയിച്ചു.
നേരത്തെ ചെന്നൈക്കെതിരായ മത്സരത്തിന് മുന്നേ ഡൽഹി ടീമിലെ നെറ്റ് ബോളർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ക്യാമ്പിൽ ആശങ്ക പരത്തിയിരുന്നു. തുടർന്ന് താരങ്ങളെയെല്ലാം ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നാലെ നടത്തിയ പരിശോധനയിൽ എല്ലാ താരങ്ങളും കൊവിഡ് നെഗറ്റീവ് ആവുകയായിരുന്നു.
അതേസമയം ടീമിൽ രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കർശനമാക്കി മാറ്റിയിട്ടുണ്ട്. നേരത്തെ ഡൽഹി ടീമിലെ ഫിസിയോ പാട്രിക് ഫർഹാത്, മിച്ചൽ മാർഷ്, ടീം സീഫർട്ട് അടക്കം ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രാജസ്ഥാൻ, പഞ്ചാബ് എന്നിവർക്കെതിരായ മത്സരം പൂനെയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയിരുന്നു.