മുംബൈ: ദേശീയ ടീമിലേക്കുള്ള തിരിച്ച് വരവ് തന്‍റെ കൈയിലല്ലെന്നും ഇപ്പോൾ ഐപിഎലിൽ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും ഗുജറാത്ത് ടൈറ്റൻസിന്‍റെ നായകൻ ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിൽ തുടർച്ചായായ മൂന്നാം അർധ സെഞ്ച്വറി സ്വന്തമാക്കിയ ശേഷമായിരുന്നു താരത്തിന്‍റെ പ്രതികരണം. നിലവിൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ്.
എന്തായാലും ഇതെന്‍റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ച് വരവാണെന്ന് കരുതുന്നില്ല. സത്യത്തിൽ ഞാൻ എന്‍റെ തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഭാവി എന്താണെന്ന് പിന്നീട് നോക്കാം. അത് എന്‍റെ കൈകളിലല്ല. ഇപ്പോൾ കളിക്കുന്ന ഗെയിമിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവിടെ നന്നായി പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ സന്തോഷവാനാണ്, പാണ്ഡ്യ പറഞ്ഞു.
ക്യാപ്‌റ്റൻസിയും എന്‍റെ പ്രകടനത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ഞാൻ എപ്പോഴും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു ക്രിക്കറ്ററാണ്. വർഷങ്ങളായി ബാറ്റ് ചെയ്യുന്ന എനിക്ക് കളിയെക്കുറിച്ച് ധാരണയുണ്ട്. ഈ അനുഭവങ്ങൾ മത്സരത്തിൽ ഉപയോഗിച്ച് വിജയം നേടാൻ സാധിക്കും. ഇതുവരെ എല്ലാം മികച്ച രീതിയിലാണ് പോകുന്നത്, പാണ്ഡ്യ കൂട്ടിച്ചേർത്തു.
നിലവിൽ നടക്കുന്ന ഐപിഎല്ലിൽ ആറ് ഇന്നിങ്സുകളിൽ നിന്ന് 73.75 ശരാശരിയിൽ 295 റൺസ് പാണ്ഡ്യ ഇതിനകം നേടിക്കഴിഞ്ഞു. ഓറഞ്ച് ക്യാപ്പിനായുള്ള പട്ടികയിൽ ജോസ് ബട്‌ലറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് താരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കെതിരെയാണ് താരം അർധസെഞ്ച്വറി സ്വന്തമാക്കിയത്.