ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഭാവി വാഗ്‌ദാനം എന്ന പദവി ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് യുവ താരം ശുഭ്‌മാൻ ഗിൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കായി ടെസ്റ്റിലും, ഏകദിനത്തിലും, ടി20യിലും ഒരു പോലെ മികച്ച പ്രകടനം കാഴ്‌ചവച്ച താരം നിലവിൽ ഐപിഎല്ലിലും തന്‍റെ ക്ലാസ് ബാറ്റിങ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ പ്രധാന താരങ്ങളിൽ ഒരാളായ ഗിൽ ടീമിനായി തകർപ്പൻ പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്.
പഞ്ചാബിനെതിരായ മത്സരത്തിൽ 49 പന്തിൽ 67 റണ്‍സുമായി മാച്ച് വിന്നിങ് ഇന്നിങ്സ് കളിച്ച ഗില്ലാണ് ടീമിന് അനായാസ ജയം നേടിക്കൊടുത്തത്. ഇപ്പോൾ താരത്തിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്‌ഡൻ. അടുത്ത ദശകങ്ങളിൽ ലോകക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കാൻ പോകുന്ന താരമാണ് ശുഭ്‌മാൻ ഗിൽ എന്നാണ് മാത്യു ഹെയ്‌ഡൻ വ്യക്‌തമാക്കിയത്.
'ഗുജറാത്ത് ടൈറ്റൻസിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പഞ്ചാബ് കിങ്‌സ് ബൗളിങ് ആക്രമണത്തിനെതിരെ ആഴത്തിൽ ബാറ്റ് ചെയ്യാനും ഒരാളെ ആവശ്യമുണ്ട്. ശുഭ്‌മാൻ ഗിൽ ആ റോൾ ഭംഗിയായി നിറവേറ്റി. അദ്ദേഹം കളിച്ച ചില ഷോട്ടുകൾ കണ്ണുകൾക്ക് ഇമ്പമേകുന്നവയായിരുന്നു. അവൻ ഒരു ക്ലാസ് കളിക്കാരനാണ്. അടുത്ത ദശകത്തിൽ ലോക ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കാൻ പോകുന്ന താരമാണവൻ', മാത്യു ഹെയ്‌ഡൻ പറഞ്ഞു.
പഞ്ചാബിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച താരം ഗുജറാത്തിനെ തന്‍റെ ചുമലിലേറ്റിയാണ് വിജയ തീരത്തേക്ക് എത്തിച്ചത്. മത്സരത്തിൽ ഹാർദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ ഗുജറാത്തിന് 34 പന്തിൽ 48 റണ്‍സായിരുന്നു വിജയ ലക്ഷ്യം. തുടർന്ന് ക്രീസിൽ എത്തിയ ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് ഗിൽ ഗുജറാത്തിനെ വിജയലക്ഷ്യത്തിനരികിൽ എത്തിക്കുകയായിരുന്നു. അവസാന ഓവറിൽ താരം പുറത്തായെങ്കിലും രാഹുൽ തെവാട്ടിയ ബൗണ്ടറിയോടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഫിനിഷ് ചെയ്യാനും പഠിക്കണം: അതേസമയം എംഎസ് ധോണിയെപ്പോലെ തന്‍റെ ടീമിനെ വിജയത്തിലേക്കെത്തിക്കാൻ ഗില്ലും ശ്രമിക്കേണ്ടതായിരുന്നു എന്നാണ് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്. ക്രീസിൽ ഒരു ബാറ്റർ സെറ്റായി കഴിഞ്ഞാൽ മത്സരം 18 അല്ലെങ്കിൽ 19-ാം ഓവറിൽ ഫിനിഷ് ചെയ്യണമായിരുന്നുവെന്നും അവസാന ഓവറിലേക്ക് എത്തിക്കാനാണ് ഉദ്ദേശമെങ്കിൽ ആ സമയത്ത് പുറത്താകാതിരിക്കാൻ ശ്രമിക്കണമെന്നുമാണ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്.
ടീം ഇനിയും മെച്ചപ്പെടണമെന്ന് പാണ്ഡ്യ: അതേസമയം അനായാസ ജയം ലക്ഷ്യമിട്ടിരുന്ന ഗുജറാത്ത് ഒരു പന്ത് ശേഷിക്കെയാണ് വിജയലക്ഷ്യം മറികടന്നത്. പഞ്ചാബിനെതിരായ മത്സരത്തിന്‍റെ ഫലത്തിൽ താൻ സന്തുഷ്‌ടനല്ല എന്നാണ് മത്സര ശേഷം ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ വ്യക്‌തമാക്കിയത്. സത്യസന്ധമായി പറഞ്ഞാൽ മെച്ചപ്പെട്ട നിലയില്‍ നിന്നിട്ട് ഇത്രയും ക്ലോസ് ആയൊരു അവസ്ഥയില്‍ ജയം സ്വന്തമാക്കിയതിനെ ഞാന്‍ ഒരിക്കലും അഭിനന്ദിക്കില്ല.
ഈ മത്സരത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ടീമിന് പഠിക്കാനുണ്ട്. അത് തന്നെയാണ് ഓരോ കായിക മേഖലയുടെയും സൗന്ദര്യം. മിഡില്‍ ഓവറുകളില്‍ മത്സരത്തെ സമീപിക്കുന്ന രീതി മാറ്റേണ്ടതുണ്ട്. ആ സമയത്ത് കുറച്ചുകൂടി റിസ്‌ക് എടുക്കാമെന്നാണ് ഞാന്‍ കരുതുന്നത്. മധ്യ ഓവറുകളില്‍ കൂടുതല്‍ റിസ്‌ക് ഷോട്ടുകള്‍ കളിച്ച് മത്സരം അവസാനം വരെ കൊണ്ട് പോകേണ്ടതില്ലെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു, ഹാര്‍ദിക് പറഞ്ഞു.