മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുണ്ടാവില്ലെന്ന് സ്ഥിരീകരിച്ച് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍. ഐപിഎല്ലില്‍ മെയ് ഒന്നിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ തുടയ്‌ക്ക് പരിക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കാന്‍ കഴിയില്ലെന്നും താരം അറിയിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു വലിയ കുറിപ്പ് രാഹുല്‍ പങ്കുവച്ചിട്ടുണ്ട്. "മെഡിക്കൽ ടീമിന്‍റെ ശ്രദ്ധാപൂർവമായ പരിഗണനയ്ക്കും കൂടിയാലോചനയ്ക്കും ശേഷം, ഉടൻ തന്നെ എന്‍റെ തുടയിൽ ഒരു ശസ്ത്രക്രിയ വേണമെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.
വരും ആഴ്‌ചകളിൽ എന്‍റെ ശ്രദ്ധ ഫിറ്റ്‌നസ് വീണ്ടെടുത്ത് എത്രയും വേഗം കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയെന്നതിലാവും. ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു തീരുമാനമാണ്. എന്നാല്‍ ഫിറ്റ്‌നസ് പൂര്‍ണമായി ഉറപ്പിക്കുകയാണ് ശരിയായ കാര്യമെന്ന് എനിക്ക് ബോധ്യമുണ്ട്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ നായകനെന്ന നിലയില്‍ ഈ നിർണായക ഘട്ടത്തില്‍ ടീമിനായി കളിക്കാന്‍ സാധിക്കാത്തത് ആഴത്തില്‍ വേദനപ്പെടുത്തുന്നതാണ്. പക്ഷേ, ടീമിലെ എല്ലാവരും അവസരത്തിനൊത്ത് ഉയർന്ന് എല്ലായ്‌പ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാ കളികളിലും അവരെ പ്രോത്സാഹിപ്പിക്കാന്‍ ഞാനുണ്ടാവും" - കെഎല്‍ രാഹുല്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്കായി കളിക്കാന്‍ കഴിയാത്തത് ഏറെ നിരാശ നല്‍കുന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി. "ടീം ഇന്ത്യയ്‌ക്കൊപ്പം അടുത്ത മാസം ഓവലിൽ ഞാനുണ്ടാകില്ല എന്നത് ഏറെ നിരാശ പകരുന്നതാണ്. നീല നിറത്തിൽ തിരിച്ചെത്താനും എന്‍റെ രാജ്യത്തെ സഹായിക്കാനും ഞാൻ കഴിയുന്നതെല്ലാം ചെയ്യും. അക്കാര്യത്തിനായിരുന്നു ഞാന്‍ ഏപ്പോഴും ഏറെ ശ്രദ്ധയും മുൻഗണനയും നല്‍കിയിരുന്നത്" - രാഹുല്‍ പറഞ്ഞു.
"തിരിച്ചുവരാൻ എനിക്ക് കരുത്ത് നൽകുന്ന ആരാധകർ, എൽഎസ്‌ജി മാനേജ്‌മെന്‍റ്, ബിസിസിഐ, പിന്നെ ഈ ദുഷ്‌കരമായ സമയത്ത് നൽകിയ നിർലോഭമായ പിന്തുണയ്‌ക്ക് നിങ്ങളോരോരുത്തർക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രോത്സാഹനവും സന്ദേശങ്ങളും എനിക്ക് വളരെയധികം വിലപ്പെട്ടതാണ്.
മുമ്പത്തേക്കാളും ശക്തവും ഫിറ്റുമായി തിരിച്ചുവരാൻ അവ എന്നെ പ്രചോദിപ്പിക്കുന്നു. എന്‍റെ എല്ലാ പുരോഗതികളെക്കുറിച്ചും നിങ്ങളെയറിയിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. അധികം വൈകാതെ തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ പ്രയാസകരമായിരുന്നു, പക്ഷേ അവ തരണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. എല്ലാ പിന്തുണയ്ക്കും ആശംസകൾക്കും നന്ദി" - രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കെഎല്‍ രാഹുലിന് ഐപിഎല്‍ സീസണും തുടര്‍ന്ന് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്‌ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. രാഹുലിന്‍റെ അഭാവത്തില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്‌സിന് എതിരായ മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യയായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നയിച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളിലും ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻസി ക്രുണാൽ പാണ്ഡ്യ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ALSO READ: Watch: 'പണം കൊണ്ട് സന്തോഷം വാങ്ങാന്‍ കഴിയില്ല'; വീണ്ടും വൈറലായി കാവ്യ മാരന്‍
രാഹുലിനെ കൂടാതെ പേസര്‍ ജയ്‌ദേവ് ഉനദ്‌ഘട്ടും ലഖ്‌നൗ ക്യാമ്പില്‍ നിന്ന് പരിക്കേറ്റ് പുറത്തായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്‌ക്വാഡിലും ഇടം നേടിയ താരമാണ് ഉനദ്‌ഘട്ട്.