കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 23 റൺസിൻ്റെ ഉജ്വല വിജയം. നില്‍നില്‍പ്പിനായുള്ള തകര്‍പ്പനടിയിലൂടെ ഹൈദരാബാദ് സ്വന്തമാക്കിയ 228 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തില്‍ 205 റണ്‍സ് മാത്രം നേടി പരാജയം സമ്മതിക്കുകയായിരുന്നു. 55 പന്തുകളില്‍ സെഞ്ചുറി നേടി പുറത്താവാതെ നിന്ന ഹാരി ബ്രൂക്കാണ് ഹൈദരാബാദിന്‍റെ വിജയത്തിന് ഇരട്ടി മധുരം നല്‍കിയത്.
ഹൈദരാബാദ് പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ റണ്‍മലയ്‌ക്ക് മുന്നില്‍ ആദ്യ ഓവറില്‍ തന്നെ കൊല്‍ക്കത്തയ്‌ക്ക് അടിതെറ്റി. ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ ഉമ്രാന്‍ മാലിക്കിന് ക്യാച്ച് നല്‍കി ഓപ്പണർ റഹ്മാനുള്ള ഗുര്‍ബാസ് വന്നതിനെക്കാള്‍ വേഗത്തില്‍ തിരിച്ചുകയറി. പിന്നാലെയെത്തിയ വെങ്കടേഷ് അയ്യര്‍ക്കും പിച്ചില്‍ കൂടുതല്‍ സമയം ചെലവഴിക്കാനായില്ല.
വെങ്കടേഷിന്‍റെ യാത്ര മൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ പന്തില്‍ മാര്‍ക്രത്തിന്‍റെ കയ്യില്‍ അവസാനിച്ചു. 11 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രം ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് എഴുതിച്ചേര്‍ക്കാനേ വെങ്കടേഷിന് സാധിച്ചുള്ളു. പിന്നാലെയെത്തിയ സുനില്‍ നരേന്‍ ആദ്യ പന്തില്‍ സംപൂജ്യനായി മടങ്ങിയതോടെ കൊല്‍ക്കത്ത പരാജയം സമ്മതിച്ച പ്രതീതി പടര്‍ന്നു.
എന്നാല്‍ പിന്നീട് കണ്ടത് ക്യാപ്‌റ്റൻ്റെ ഇന്നിങ്‌സായിരുന്നു. ടീമിന്‍റെ പ്രതീക്ഷകളും വെടിക്കെട്ട് ബാറ്റര്‍മാരും വേഗത്തില്‍ കൂടാരം കയറിയപ്പോള്‍ നായകന്‍ നിതീഷ് റാണ നെഞ്ചും വിരിച്ച് ഹൈദരാബാദിനെ നേരിട്ടു. ഉമ്രാന്‍ മാലിക്കിന്‍റെ ഓവറില്‍ ഒന്നിനുപിറകെ ഒന്നായി സിക്‌സറുകളും ബൗണ്ടറികളും പായിച്ച് റാണ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളപ്പിച്ചു. എന്നാല്‍ എട്ടാമത്തെ ഓവറില്‍ ജഗദീശനെ മടക്കി ഹൈദരാബാദ് വീണ്ടും മത്സരം വരുതിയിലാക്കി.
തുടര്‍ന്നെത്തിയ ആന്ദ്രേ റസലിനും കൊല്‍ക്കത്തയ്‌ക്കായി കാര്യമായി ഒന്നും ചെയ്യാനായില്ല. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി റസലും മടങ്ങി. എന്നാല്‍ പരാജയപ്പെടാന്‍ സമ്മതമല്ലാത്ത റാണയുടെ ഒറ്റയാള്‍ പോരാട്ടം തുടര്‍ന്നു. കൂട്ടിന് കഴിഞ്ഞ മത്സരത്തിലെ വിജയ ശില്‍പിയായിരുന്ന റിങ്കു സിങ് കൂടിയെത്തിയതോടെ കൊല്‍ക്കത്തന്‍ ഗാലറികളില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു.
ഇരുവരും ചേർന്ന് തകർത്തടിച്ച് സ്കോർ ഉയർത്തിയെങ്കിലും ടീം സ്കോർ 165 ൽ നിൽക്കെ നിതീഷ് റാണയും പുറത്തായി. 41 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 75 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. തുടർന്ന് ഷാർദുൽ താക്കൂർ ക്രീസിലെത്തി. ഇതിനിടെ ഒരു വശത്ത് റിങ്കു സിങ് തകർത്തടിക്കുകയായിരുന്നു. 18-ാം ഓവറിൽ 16 റൺസ് റിങ്കു നേടി. എന്നാൽ അവസാന ഓവറിലെ 32 റൺസ് വിജയ ലക്ഷ്യം കൊൽക്കത്തയക്ക് കൈയ്യെത്തി പിടിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
ഉമ്രാൻ മാലിക് എറിഞ്ഞ അവസാന ഓവറിൽ 8 റൺസ് മാത്രമേ കൊൽക്കത്തയ്ക്ക് നേടാനായുള്ളു. റിങ്കു സിങ് 31 പന്തിൽ 58 റൺസുമായി പുറത്താകാതെ നിന്നു. സൺറൈസേഴ്‌സിനായി മാർകോ ജാൻസൻ, മായങ്ക് മാർകണ്ടെ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമ്രാൻ മാലിക്, ഭുവനേശ്വർ കുമാർ,ടി നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
സെഞ്ച്വറിയുമായി ബ്രൂക്ക്: നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ഹാരി ബ്രൂക്കിൻ്റെ സെഞ്ച്വറി മികവിലാണ് കൂറ്റൻ സ്കോറിലേക്ക് എത്തിയത്. ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് ബ്രൂക്കിൻ്റെ ബാറ്റിൽ നിന്ന് പിറന്നത്. 55 പന്തുകളില്‍ നിന്നും 12 ഫോറിന്‍റെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയിലാണ് ബ്രൂക്ക് ഐപിഎല്ലിലെ തന്‍റെ ആദ്യ സെഞ്ച്വറി നേടിയത്.
57 റണ്‍സിനിടെ മായങ്ക് അഗര്‍വാളിനെയും രാഹുല്‍ ത്രിപാഠിയേയും നഷ്‌ടപ്പെട്ട ഹൈദരാബാദിനായി ക്യാപ്‌റ്റന്‍ എയ്‌ഡന്‍ മാര്‍ക്രത്തെ കൂട്ടുപിടിച്ചാണ് ഹാരി ബ്രൂക്ക് ഹൈദരാബാദ് ഇന്നിങ്സ് പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടുകെട്ടാണുണ്ടാക്കിയത്. 26 പന്തുകളില്‍ നിന്ന് രണ്ട് ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയിലാണ് മാര്‍ക്രം 50 റണ്‍സ് നേടിയത്.
മാര്‍ക്രത്തിന് പിന്നാലെ ഇറങ്ങിയ അഭിഷേക് ശര്‍മയും മത്സരത്തില്‍ ഹാരി ബ്രൂക്കിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നാണ് ടീമിനെ 200 കടത്തിയത്. 17 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 32 റണ്‍സ് നേടിയാണ് അഭിഷേക് പുറത്തായത്. പിന്നാലെ ഇറങ്ങിയ ഹെന്‍ഡ്രിച്ച് ക്ലാസന്‍ (6 പന്തിൽ 16) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. കൊൽക്കത്തക്കായി ആന്ദ്രേ റസൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി ഒരു വിക്കറ്റ് നേടി.