ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ ഭുവനേശ്വര്‍ കുമാര്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിലെ വിക്കറ്റ് ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്നതാണെന്ന് കരുതുന്നതായി ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.
ഫസൽഹഖ് ഫാറൂഖി, ഹാരി ബ്രൂക്ക്, ആദിൽ റഷീദ്, ഗ്ലെൻ ഫിലിപ്പ് എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. എതിരാളികളെ ബഹുമാനിച്ച് തങ്ങളുടെ ശക്തിയിൽ ഉറച്ച് നിന്ന് കളിക്കാനാണ് ശ്രമിക്കുന്നതെന്ന് രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണ്‍ പ്രതികരിച്ചു. സഞ്‌ജുവിനെ കൂടാതെ മലയാളി താരം കെഎം ആസിഫും രാജസ്ഥാന്‍ നിരയില്‍ ഇന്ന് കളിക്കുന്നുണ്ട്. ജോസ് ബട്‌ലർ, ജേസൺ ഹോൾഡർ, ട്രെന്റ് ബോൾട്ട്, ഷിമ്രോണ്‍ ഹെറ്റ്മെയർ എന്നീ വിദേശ താരങ്ങളാണ് രാജസ്ഥാന്‍ നിരയില്‍ അണി നിരക്കുന്നത്.
രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്റ് ബോൾട്ട്, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): മായങ്ക് അഗർവാൾ, അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി, ഹാരി ബ്രൂക്ക്, വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്‌സ് (വിക്കറ്റ് കീപ്പര്‍), ഉമ്രാൻ മാലിക്, ആദിൽ റഷീദ്, ഭുവനേശ്വര് കുമാർ (ക്യാപ്റ്റന്‍), ടി നടരാജൻ, ഫസൽഹഖ് ഫാറൂഖി.
കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരാണ് സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടായിരുന്നു രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ഇതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം പിടിച്ച് മികച്ച തുടക്കമാണ് രാജസ്ഥാന്‍റെ മനസിലെന്നത് വ്യക്തം. മറുവശത്ത് എട്ടാം സ്ഥാനത്തായിരുന്നു കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.
ഇതോടെ ടീമില്‍ വമ്പന്‍ അഴിച്ചുപണികളുമായാണ് ടീം ഇത്തവണയെത്തുന്നത്. ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും കെയ്‌ന്‍ വില്യംസണിനെ മാറ്റിയ ഫ്രാഞ്ചൈസി എയ്‌ഡന്‍ മാര്‍ക്രത്തിനാണ് ചുമത നല്‍കിയത്. എന്നാല്‍ രാജസ്ഥാനെതിരായ ഇന്നത്തെ മത്സരത്തില്‍ മാര്‍ക്രം കളിക്കുന്നില്ല. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനൊപ്പമുള്ള മാർക്രം നാളെ മാത്രമേ ഫ്രാഞ്ചൈസിക്ക് ഒപ്പം ചേരുകയുള്ളു. മാര്‍ക്രത്തിന്‍റെ അഭാവത്തിലാണ് ഭുവനേശ്വര്‍ കുമാറിന് ടീമിന്‍റെ ക്യാപ്റ്റന്‍സി ലഭിച്ചത്.
നേര്‍ക്കുനേര്‍: ഐപിഎല്‍ ചരിത്രത്തില്‍ ഇതേവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഒപ്പമത്തിനൊപ്പമാണ്. 16 മത്സരങ്ങളില്‍ തമ്മില്‍ പോരടിച്ച് ഇരു ടീമുകളും എട്ട് വീതം വിജയം നേടിയിട്ടുണ്ട്. എന്നാല്‍ അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്നിലും വിജയിക്കാന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നു.
മത്സരം കാണാനുള്ള വഴി: ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ഈ മത്സരത്തിന്‍റെ തത്സമയ സ്ട്രീമിങ്ങുണ്ട്.