ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹെൻറിച്ച് ക്ലാസൻ, മായങ്ക് മാർക്കണ്ഡെ എന്നിവര്‍ ടീമിനായി അരങ്ങേറ്റം നടത്തും.
അൻമോൽപ്രീത് സിങ്, ആദിൽ റഷീദ് എന്നിവരാണ് പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായത്. മഞ്ഞില്ലാത്തതിനാല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ പറഞ്ഞു. ചേസ് ചെയ്യുമ്പോഴാണ് ഹൈദരാബാദ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയത്. ഈ മത്സരത്തിലും അവരെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ധവാന്‍ വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് കളിക്കുന്നത്. ഭാനുക രജപക്‌സെ പുറത്തായപ്പോള്‍ മാത്യു ഷോർട്ടാണ് ടീമിലെത്തിയത്.
പഞ്ചാബ് കിങ്‌സ് (പ്ലേയിങ് ഇലവൻ): ശിഖർ ധവാൻ (സി), പ്രഭ്‌സിമ്രാൻ സിങ്, മാത്യു ഷോർട്ട്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, സാം കറൻ, നഥാൻ എല്ലിസ്, മോഹിത് റാത്തി, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം (ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ഉമ്രാൻ മാലിക്, ടി നടരാജൻ.
ഹൈദരാബാദിന്‍റെ തട്ടകമായ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഐപിഎൽ 16-ാം സീസണില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും ഇറങ്ങുന്നത്. കടലാസില്‍ കരുത്തരാണെങ്കിലും കളിക്കളത്തില്‍ ആ മികവ് പുലര്‍ത്താന്‍ കഴിയാത്ത ഹൈദരാബാദ് കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയിരുന്നു.
ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോടും രണ്ടാമത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനോടുമായിരുന്നു ഹൈദരാബാദ് കീഴടങ്ങിയത്. മറുവശത്താവട്ടെ കളിച്ച രണ്ട് മത്സരങ്ങളും വിജയം നേടിയാണ് പഞ്ചാബ് എത്തുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വീഴ്‌ത്തിയ സംഘം രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് തോല്‍പ്പിച്ചത്. ഇതോടെ വിജയം ആവര്‍ത്തിക്കാന്‍ പഞ്ചാബിറങ്ങുമ്പോള്‍ സീസണിലെ ആദ്യ വിജയമാണ് ഹൈദരാബാദിന്‍റെ ലക്ഷ്യം.
നേര്‍ക്കുനേര്‍ പോരാട്ടം: ഐപിഎല്ലിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പഞ്ചാബിനെതിരെ വ്യക്തമായ ആധിപത്യമാണ് ഹൈദരാബാദിനുള്ളത്. നേരത്തെ 20 തവണയാണ് ഇരുടീമുകളും തമ്മില്‍ പോരടിച്ചത്. ഇതില്‍ 13 തവണയും ഹൈദരാബാദ് വിജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങളാണ് പഞ്ചാബിനൊപ്പം നിന്നത്. കഴിഞ്ഞ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണ വിജയിക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞിരുന്നു.
തത്സമയം മത്സരം കാണാൻ: ഐപിഎല്‍ 16-ാം സീസണിലെ 14-ാം മത്സരമാണിത്. സൺറൈസേഴ്‌സ് ഹൈദരാബാദ് vs പഞ്ചാബ് കിങ്‌സ് പോരാട്ടം സ്റ്റാർ സ്പോർട്‌സ് നെറ്റ്‌വർക്ക് ചാനലുകളിലൂടെയാണ് ടിവിയില്‍ ലഭ്യമാവുക. ഈ മത്സരം ജിയോ സിനിമ വെബ്സൈറ്റ്, ആപ്ലിക്കേഷൻ എന്നിവയിലൂടെയും തത്സമയം കാണാം.
ALSO READ: കോലിയും സഞ്‌ജുവും പിന്നില്‍; ഐപിഎല്ലില്‍ തകര്‍പ്പന്‍ റെക്കോഡുമായി ശുഭ്‌മാന്‍ ഗില്‍