മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജിനെ സംബന്ധിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (ഐപിഎല്‍) 16-ാം സീസണില്‍ ഏറെ മികച്ച ഓര്‍മകളുള്ളതാവും. സീസണിന്‍റെ ആദ്യ പകുതിയിൽ സ്റ്റാർ പേസർ ജോഷ് ഹേസൽവുഡിന് പരിക്കേറ്റതിനാൽ നിലവില്‍ ബാംഗ്ലൂരിന്‍റെ പേസ് യൂണിറ്റിനെ നയിക്കുന്ന താരം മിന്നും ഫോമിലാണ്. സീസണില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ സീസണുമായി താരതമ്യപ്പെടുത്തുമ്പോൾ റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കാനും സിറാജിന് കഴിഞ്ഞിട്ടുണ്ട്. 15-ാം സീസണില്‍ ബാറ്റര്‍മാര്‍ നിലം തൊടിക്കാതിരുന്ന മുഹമ്മദ് സിറാജിനെ ചെണ്ടയെന്നുള്‍പ്പെടെ കളിയാക്കിയ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്. കാരണം താരത്തിന്‍റെ ഇക്കോണമി റേറ്റ് പത്തിന് മുകളിലായിരുന്നു എന്നത് തന്നെയാണ്.
എന്നാല്‍ 16-ാം സീസണിലേക്ക് എത്തിയപ്പോള്‍ മെച്ചപ്പെട്ട ലൈനും ലെങ്‌ത്തുമായി ബാറ്റര്‍മാരെ വിറപ്പിക്കാന്‍ 29-കാരന് കഴിയുന്നുണ്ട്. ഇതേവരെ കളിച്ച മത്സരങ്ങളില്‍ 7.73 ആണ് താരത്തിന്‍റെ ഇക്കോണമിയെന്ന കണക്ക് ഇതിനെ അടിവരയിടുന്നതാണ്. 29-കാരനായ സിറാജിന്‍റെ ഈ മിന്നും പ്രകടനത്തെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ ആര്‍പി സിങ്.
ഇന്ത്യന്‍ ടീമില്‍ ജസ്‌പ്രീത് ബുംറയുടെ പകരക്കാരനാവാന്‍ സിറാജിന് കഴിയുമെന്ന് പറഞ്ഞ ആര്‍പി സിങ്, താരം അടുത്ത മുഹമ്മദ് ഷമിയാണെന്നാണ് പറയുന്നത്. "ഞാൻ വളരെക്കാലമായി മുഹമ്മദ് സിറാജിനെ ശ്രദ്ധിക്കുന്നുണ്ട്, അവൻ ഇന്ത്യൻ ടീമിൽ ചേരുമ്പോൾ, അവന്‍റെ ഗ്രാഫ് ശരിക്കും ഉയർന്നതായിരുന്നു, പിന്നെ പതുക്കെ അത് താഴാൻ തുടങ്ങി.
പക്ഷേ, ഇത്തവണ അവന്‍ ഒരുപാട് കാര്യങ്ങൾ ചെയ്‌തു എന്നത് കാണുന്നത് സന്തോഷകരമാണ്. ഫിറ്റ്നസ് ഒരു പ്രധാന പോയിന്‍റാണ്", ആര്‍പി സിങ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ഇന്ത്യയ്‌ക്ക് പ്രഥമ ടി20 ലോകകപ്പ് നേടിത്തന്ന ടീമിലെ അംഗമായ ആര്‍പി സിങ്ങിന്‍റെ പ്രതികരണം.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ജസ്പ്രീത് ബുംറയുടെ പകരക്കാരനാകാൻ സിറാജിനാകുമെന്നും ആര്‍പി സിങ് കൂട്ടിച്ചേർത്തു. "ഇപ്പോൾ നിങ്ങൾ ടെക്‌നിക്കൽ ബിറ്റ് നോക്കുകയാണെങ്കിൽ, അവൻ തന്‍റെ റിസ്റ്റ് പൊസിഷനിൽ വളരെയധികം പരിശ്രമിക്കുകയും ഫോളോ ത്രൂ ചെയ്യുകയും ചെയ്‌തു, അതിനാലാണ് അവന് ബോൾ ടോപ്പ് ബൗൺസ് മികച്ചതാക്കാനും സ്റ്റംപ്-ടു-സ്റ്റംപ് ബോള്‍ ചെയ്യാനും സാധിച്ചത്.
ഇന്ത്യന്‍ ടീമില്‍ ജസ്‌പ്രീത് ബുംറയുടെ പകരക്കാരനാകാന്‍ അവന് കഴിയും. തന്‍റെ മികച്ച പ്രകടനം തുടരാന്‍ സിറാജിന് കഴിഞ്ഞാല്‍ അടുത്ത മുഹമ്മദ് ഷമിയാകാൻ കഴിയുമെന്നും എനിക്ക് തോന്നുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിന് മുന്നോടിയായിരുന്നു ഇന്ത്യയുടെ മുന്‍ പേസര്‍ ഇക്കാര്യം പറഞ്ഞത്. മത്സരത്തിലാവട്ടെ കാര്യമായ പ്രകടനം നടത്താന്‍ സിറാജിന് കഴിഞ്ഞിരുന്നില്ല.
അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും തുടര്‍ന്ന് ഈ വർഷം അവസാനം സ്വന്തം മണ്ണിൽ നടക്കുന്ന ഏകദിന ലോകകപ്പിലും താരത്തിന്‍റെ പ്രകടനം ടീമിന് നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.