മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16-ാം സീസണില്‍ ഇതേവരെ തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്‌ക്ക് കഴിഞ്ഞിട്ടില്ല. 11 മത്സരങ്ങളില്‍ കളിച്ച താരത്തിന് 191 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ശരാശരിയാവട്ടെ വെറും 17.36 മാത്രവും.
എന്നാല്‍ മുംബൈ ഇന്ത്യന്‍സ് രോഹിത്തിനെ പിന്തുണയ്‌ക്കുന്നത് തുടരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ന്യൂസിലന്‍ഡിന്‍റെ മുന്‍ പേസറും കമന്‍റേറ്ററുമായ സൈമണ്‍ ഡൗള്‍. രോഹിത്തിനെ പിന്തുണയ്‌ക്കുന്നത് മുംബൈ തുടര്‍ന്നാല്‍ ഒരു ഘട്ടത്തില്‍ ടീമിന് മുതല്‍ക്കൂട്ടാവുന്ന വമ്പന്‍ പ്രകടനം നടത്താന്‍ രോഹിത്തിന് കഴിയുമെന്നാണ് സൈമണ്‍ ഡൗള്‍ പറയുന്നത്. ഇതിനായി 2018-ല്‍ ഷെയ്‌ന്‍ വാട്‌സണെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്തുണച്ചതിന്‍റെ ഉദാഹരണവും സൈമണ്‍ ഡൗള്‍ ചൂണ്ടിക്കാട്ടി.
'ഒരു കളിക്കാരൻ റൺസ് നേടാതെയിരിക്കുമ്പോഴും ആ ടീം വിജയിക്കുന്നത് തുടരുമ്പോൾ, അവർക്ക് ആ കളിക്കാരനെ തുടർന്നും പിന്തുണയ്‌ക്കാന്‍ കഴിയുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഷെയ്‌ന്‍ വാട്‌സണിന്‍റെ കാര്യത്തില്‍ 2018-ൽ ചെന്നൈ സൂപ്പര്‍ കിങ്‌സ് അതാണ് ചെയ്‌തത്.
അധികം റണ്‍സ് നേടാന്‍ കഴിയാതിരുന്നിട്ടും അവനെ ടീമില്‍ നിലനിര്‍ത്തുകയും ഫൈനലില്‍ കളിപ്പിക്കുകയും ചെയ്‌തു. ആ മത്സരത്തിലാണ് വിശ്വാസത്തിന്‍റെ പ്രതിഫലം അവന്‍ നല്‍കിയത്'- സൈമണ്‍ ഡൗള്‍ പറഞ്ഞു.
2018-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ നാലാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സെഞ്ചുറി നേടിയെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ ഓസീസ് ഓള്‍ റൗണ്ടറായ ഷെയ്‌ന്‍ വാട്‌സണ് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വാട്‌സണില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ചെന്നൈ മാനേജ്‌മെന്‍റ് ചെയ്‌തത്. ഇതോടെ ഫൈനലിലും കളിക്കാന്‍ അവസരം ലഭിച്ച താരം അപരാജിത സെഞ്ചുറിയുമായി ടീമിന്‍റെ കിരീട നേട്ടത്തില്‍ നിര്‍ണായകമാവുകയും ചെയ്‌തു.
അതേസമയം ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മുംബൈ ഇന്ത്യന്‍സിന്‍റെ മത്സരത്തിന് പിന്നാലെയാണ് ഡൗള്‍ രോഹിത്തിനെ പിന്തുണച്ചത്. മത്സരത്തില്‍ എട്ട് പന്തുകള്‍ നേരിട്ട രോഹിത് ഏഴ് റണ്‍സ് മാത്രം നേടി പുറത്തായിരുന്നു. ബാംഗ്ലൂര്‍ സ്‌പിന്നര്‍ വാനിന്ദു ഹസരംഗയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് മുംബൈ നായകന്‍ തിരിച്ച് കയറിയത്.
അവസാനം കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ പോലും രണ്ടക്കം തൊടാന്‍ രോഹിത്തിന് കഴിഞ്ഞിട്ടില്ല. ഇതില്‍ രണ്ട് തവണ പൂജ്യത്തിനായിരുന്നു താരത്തിന്‍റെ മടക്കം. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് രോഹിത് തുടര്‍ച്ചയായ അഞ്ച് ഇന്നിങ്‌സുകളില്‍ പൂജ്യത്തിന് പുറത്താവുന്നത്. രോഹിത്തിന് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ബാംഗ്ലൂരിനെ മുംബൈ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.
അതേസമയം രോഹിത്തിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായ രവി ശാസ്‌ത്രി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ എത്തിയാല്‍ ഒരു മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് ആവുന്ന പ്രകടനം രോഹിത് നടത്തുമെന്ന് താന്‍ ഉറപ്പ് നല്‍കാമെന്നാണ് രവി ശാസ്‌ത്രിയുടെ വാക്കുകള്‍. വൈകാതെ തന്നെ ഒരു ദിവസം ഫോമിലേക്ക് മടങ്ങിയെത്തുന്ന രോഹിത് ബോളര്‍മാരെ മികച്ച രീതിയില്‍ നേരിടുകയും അപകടകാരിയായി മാറുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.