ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ പഞ്ചാബ് കിങ്‌സിന് ബോളിങ്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 41-ാം മത്സരമാണിത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ തട്ടകമായ ചെപ്പോക്കിലാണ് കളി നടക്കുന്നത്. വിക്കറ്റ് മാന്യമായതാണെന്ന് തോന്നുന്നതായി ചെന്നൈ നായകന്‍ എംഎസ് ധോണി പറഞ്ഞു. പകല്‍ ഒരു മത്സരം കളിക്കുമ്പോള്‍ ചൂട് ഒരു പ്രധാന ഘടകമാണ്.
രണ്ടാമത് ബോള്‍ ചെയ്യുന്നത് പേസര്‍മാര്‍ക്ക് അല്‍പം വിശ്രമം നല്‍കും. ഐപിഎൽ ഒരു നീണ്ട ടൂർണമെന്‍റാണ്. ചില മത്സരങ്ങളുടെ ഫലം നമ്മള്‍ക്ക് അനുകൂലമായിരിക്കില്ല. അത് അംഗീകരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും ധോണി പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ചെന്നൈ മാറ്റം വരുത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കി.
ആദ്യം ബാറ്റ് ചെയ്യാൻ ഇഷ്‌ടപ്പെട്ടിരുന്നതായി പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ പറഞ്ഞു. ഇതൊരു പകല്‍ മത്സരമാണ്. കൂടാതെ വിക്കറ്റ് വരണ്ടതുമാണ്. പുതിയൊരു തുടക്കമാണ് ലക്ഷ്യം വയ്‌ക്കുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും പഠിക്കുന്നത് തുടരുന്നു. മെച്ചപ്പെടാൻ ശ്രമിക്കുക. പോരാട്ടവീര്യം നിലനിർത്തുക എന്നത് പ്രധാനമാണ്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് കളിക്കുന്നതെന്നും ധവാന്‍ അറിയിച്ചു.
ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിംഗ് ഇലവൻ): റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), മതീഷ പതിരണ, തുഷാർ ദേശ്‌പാണ്ഡെ, മഹീഷ് തീക്ഷണ.
പഞ്ചാബ് കിങ്‌സ് (പ്ലേയിംഗ് ഇലവൻ): അഥർവ ടൈഡെ, ശിഖർ ധവാൻ(ക്യാപ്റ്റന്‍), ലിയാം ലിവിംഗ്‌സ്റ്റൺ, സിക്കന്ദർ റാസ, സാം കറാൻ, ജിതേഷ് ശർമ്മ(വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, ഹർപ്രീത് സിങ് ഭാട്ടിയ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്.
ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ തങ്ങളുടെ ഒമ്പതാം മത്സരത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്സും ഇറങ്ങുന്നത്. കളിച്ച എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയം നേടിയ ചെന്നൈ പോയിന്‍റ് പട്ടികയിൽ നാലാമതാണ്. നാല് വിജയങ്ങളുള്ള പഞ്ചാബാകട്ടെ ആറാം സ്ഥാനത്താണ്. അവസാനം കളിച്ച മത്സരത്തില്‍ ഇരു ടീമുകളും തോല്‍വി വഴങ്ങിയാണെത്തുന്നത്.
ധോണിപ്പട രാജസ്ഥാൻ റോയൽസിനോട് കീഴടങ്ങിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോടായിരുന്നു ശിഖർ ധവാന്‍റെയും സംഘത്തിന്‍റെയും തോല്‍വി. ഇതോടെ ചെപ്പോക്കില്‍ കളി പിടിച്ച് വിജയ വഴിയില്‍ തിരിച്ചെത്താനാവും ഇരു ടീമുകളും ലക്ഷ്യം വയ്‌ക്കുകയെന്നുറപ്പ്.
നേര്‍ക്കുനേര്‍ പോരാട്ടം: ഐപിഎൽ ചരിത്രത്തിലെ ഇതേവരെയുള്ള നേര്‍ക്കുനേര്‍ പോരില്‍ പഞ്ചാബ് കിങ്‌സിനെതിരെ നേരിയ ആധിപത്യം പുലര്‍ത്താന്‍ ചെന്നൈ സൂപ്പർ കിങ്‌സിന് കഴിഞ്ഞിട്ടുണ്ട്. 28 മത്സരങ്ങളിലാണ് ഇതിന് മുമ്പ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 16 മത്സരങ്ങളിൽ ചെന്നൈ വിജയിച്ചപ്പോള്‍ 12 കളികളാണ് പഞ്ചാബിനൊപ്പം നിന്നത്.
ALSO READ: IPL 2023| 'ധോണിയുടെ പിന്തുണ ഏറെ പ്രയോജനകരമായി': ഡെവോണ്‍ കോണ്‍വെ