മുംബൈ: ഐപിഎല്ലില്‍ പ്ലേഓഫ് പ്രതീക്ഷ സജീവമാക്കാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം. പോയിന്‍റ് പട്ടികയില്‍ യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളിലുള്ള പഞ്ചാബിനും ചെന്നൈയ്ക്കും ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമാണ്.
ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ ധോണിയുടെ തകര്‍പ്പന്‍ ഫിനിഷിങ് മികവിൽ മറികടന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. മറുഭാഗത്ത് പുതിയ നായകന്‍ മായങ്ക് അഗര്‍വാളിനു കീഴിലിറങ്ങുന്ന പഞ്ചാബ് അവസാനത്തെ രണ്ടു മല്‍സരങ്ങിലും ദയനീയമായ പരാജയമാണ് നേരിട്ടത്. നായകന്‍മാരായി അരങ്ങേറ്റം കുറിച്ച മായങ്ക് അഗര്‍വാളിനും രവീന്ദ്ര ജഡേജയ്ക്കും ഇതുവരെ യഥാര്‍ഥ മികവിലേക്ക് എത്താനായിട്ടില്ല.
ഉത്തപ്പയും റായുഡുവും കൂറ്റനടികള്‍ക്ക് ശേഷിയുള്ളവരാണ്. ലിയാം ലിവിംഗ്സ്റ്റണെ അമിതമായി ആശ്രയിക്കുന്നതാണ് പഞ്ചാബിന്‍റെ പ്രതിസന്ധി. ധവാന്‍റെയും ബെയ്ര്‍സ്റ്റോയുടെയും ബാറ്റിലും പ്രതീക്ഷയേറെ. പവര്‍പ്ലേയില്‍ പഞ്ചാബ് ബാറ്റര്‍മാരുടെയും ചെന്നൈ ബോളര്‍മാരുടെയും പ്രകടനമായിരിക്കും നിര്‍ണായകമാവുക.
ALSO READ: IPL 2022: ഒരു സീസണില്‍ ഒരേ ടീമിനെതിരെ രണ്ട് സെഞ്ചുറി; കോലിയുടെ നേട്ടത്തിനൊപ്പം രാഹുല്‍
ഈ സീസണില്‍ നേരത്തേ നടന്ന ആദ്യപാദത്തില്‍ ചെന്നൈയെ 54 റണ്‍സിനു തകര്‍ത്തുവിടാന്‍ പഞ്ചാബിനായിരുന്നു. ജയം തുടരാനാകും പഞ്ചാബ് വീണ്ടുമിറങ്ങുക. മറുഭാഗത്ത് ആദ്യപാദത്തിലേറ്റ തോല്‍വിക്കു കണക്കു തീര്‍ക്കുകയായിരിക്കും ചെന്നൈയുടെ ലക്ഷ്യം.