മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിന് പിന്നാലെയുണ്ടായ അനിഷ്‌ട സംഭവങ്ങളില്‍ ശിക്ഷ വിധിച്ച് ബിസിസിഐ. ബാംഗ്ലൂർ ബാറ്റര്‍ വിരാട് കോലി, ലഖ്‌നൗ ബോളര്‍ നവീന്‍ ഉള്‍ ഹഖ്, ഉപദേഷ്ടാവ് ഗൗതം ഗംഭീര്‍ എന്നിവര്‍ക്കാണ് ബിസിസിഐ വമ്പന്‍ തുക പിഴ വിധിച്ചിരിക്കുന്നത്.
ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് മൂവര്‍ക്കും പിഴ വിധിച്ചതെന്ന് ബിസിസിഐ പ്രസ്‌താവനയില്‍ വ്യക്തമാക്കി. വിരാട് കോലിയും ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും നവീന്‍ ഉള്‍ ഹഖ് മാച്ച് ഫീയുടെ 50 ശതമാനവുമാണ് പിഴയായി ഒടുക്കേണ്ടത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 2 കുറ്റം ചെയ്‌തതായി ഗംഭീർ സമ്മതിച്ചതായി ബിസിസിഐ അറിയിച്ചു.
സമാന കുറ്റം ചെയ്‌തതായി വിരാട് കോലിയും സമ്മതിച്ചിട്ടുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്‍റെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 1 കുറ്റമാണ് നവീന്‍ ഉള്‍ ഹഖ് ചെയ്‌തിരിക്കുന്നത്. കുറ്റം ചെയ്‌തതായി അഫ്‌ഗാന്‍ താരവും സമ്മതിച്ചിട്ടുണ്ട്.
1.07 കോടി രൂപയാണ് വിരാട് കോലിക്ക് പിഴയായി അടയ്ക്കേണ്ടി വരികയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഗൗതം ഗംഭീറിന് 25 ലക്ഷം രൂപയും നവീന്‍ ഉള്‍ ഹഖിന് 1.79 ലക്ഷം രൂപയുമാവും പിഴയായി നല്‍കേണ്ടിവരികയെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ലഖ്‌നൗവിന്‍റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷമാണ് അനിഷ്‌ട സംഭവങ്ങള്‍ അരങ്ങേറിയത്. റോയല്‍ ചലഞ്ചേഴ്‌സിന്‍റെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഈ സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സ്വന്തം തട്ടകമായ ചിന്നസ്വാമിയില്‍ വച്ച് ബാംഗ്ലൂരിനെ ലഖ്‌നൗ തോല്‍പ്പിച്ചിരുന്നു.
അന്ന് ഗംഭീര ആഘോഷം നടത്തിയായിരുന്നു ഗംഭീറും ലഖ്‌നൗവും മടങ്ങിയത്. ഇതിന്‍റെ ബാക്കിപത്രമെന്നോണമായിരുന്നു പിന്നീട് ലഖ്‌നൗവില്‍ നടന്ന സംഭവങ്ങള്‍. മത്സരത്തില്‍ ബാംഗ്ലൂര്‍ ജയത്തോട് അടുത്തപ്പോള്‍ തന്നെ നവീന്‍ ഉല്‍ ഹഖും വിരാട് കോലിയുമായി ചെറിയ വാക് പോരുണ്ടായിരുന്നെങ്കിലും ക്രീസിലുണ്ടായിരുന്ന വെറ്ററന്‍ സ്‌പിന്നര്‍ അമിത് മിശ്ര ഇടപെട്ട് രംഗം തണുപ്പിച്ചു.
മത്സരശേഷം ഹസ്‌തദാനം നടത്തുമ്പോഴും കോലിയും നവീനും ഉരസിയതിന് പിന്നാലെയാണ് പ്രശ്‌നം വഷളായത്. ഒടുവില്‍ കോലിയും ഗംഭീറും തമ്മിലുള്ള ഏറ്റുമുട്ടലായി ഇതുമാറിയതോടെ സഹതാരങ്ങളില്‍ ചിലര്‍ ഉള്‍പ്പെടെ എത്തി ഇരുവരേയും പിടിച്ച് മാറ്റുകയായിരുന്നു. അതേസമയം ചിന്നസ്വാമിയില്‍ 213 റണ്‍സിന്‍റെ വമ്പന്‍ ലക്ഷ്യം ഉയര്‍ത്തിയിട്ടും അവസാന പന്തില്‍ ഒരു വിക്കറ്റിന് ബാംഗ്ലൂരിനെ ലഖ്‌നൗ തോല്‍പ്പിച്ചിരുന്നു.
ലഖ്‌നൗവിന്‍റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ 18 റണ്‍സിനായിരുന്നു ബാംഗ്ലൂര്‍ വിജയം നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്‌നൗ 19.5 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ALSO READ: IPL 2023: 'ഒരിക്കല്‍ പോലും അയാള്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല'; ദിനേശ് കാര്‍ത്തിക്കിനെതിരെ ഇർഫാൻ പഠാൻ