കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലസിസ് കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാംഗ്ലൂർ റീസ് ടോപ്ലിക്ക് പകരം ഡേവിഡ് വില്ലിയെ ഉൾപ്പെടുത്തിയപ്പോൾ കൊൽക്കത്ത അനുകുല്‍ റോയ്‌ക്ക് പകരം സുയഷ് ശര്‍മയെ ടീമിൽ ഉൾപ്പെടുത്തി. ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിക്ക് പകരം വീട്ടുക എന്നതാണ് കൊൽക്കത്തയുടെ ലക്ഷ്യം. മറുവശത്ത് തുടർച്ചയായ രണ്ടാം ജയമാണ് ബാംഗ്ലൂർ ലക്ഷ്യമിടുന്നത്.
വിരാട് കോലി, നായകൻ ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ തകർപ്പൻ ഫോമാണ് ബാംഗ്ലൂരിന്‍റെ കരുത്ത്. ഈ കൂട്ടുകെട്ടാണ് ആദ്യ മത്സരത്തിൽ ആര്‍സിബിക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇന്ന് ഈഡൻ ഗാർഡനിൽ കൊൽക്കത്തക്കെതിരെ ഇറങ്ങുമ്പോഴും ഇവരുടെ ബാറ്റിങ്ങിലാണ് ടീം പ്രതീക്ഷയർപ്പിക്കുന്നത്. പിന്നാലെ ക്രീസിലെത്തുന്ന ഗ്ലെൻ മാക്‌സ്‌വെൽ, ദിനേശ് കാർത്തിക് എന്നീ താരങ്ങളും ബോളർമാരെ വിറപ്പിക്കാൻ കെൽപ്പുള്ളവരാണ്.
പേസ് ബൗളിങ്ങിനെ തുണയ്ക്കുന്നതാണ് ഈഡൻ ഗാർഡനിലെ പിച്ച്. അതിനാൽ തന്നെ ഇംഗ്ലീഷ് പേസർ റീസ് ടോപ്ലിയുടെ അഭാവം ആർസിബിക്ക് കനത്ത തിരിച്ചടിയാകും നൽകുക. മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, ആകാശ് ദീപ് എന്നിവരും ബോളിങ് നിരയിൽ കരുത്ത് കാട്ടും. കരണ്‍ ശർമ, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരും സ്‌പിൻ നിരയിൽ കരുത്ത് കാട്ടും.
ആദ്യ മത്സരത്തിൽ പഞ്ചാബിനോടേറ്റ തോൽവിയിൽ നിന്ന് കരകയറി വിജയവഴിയിൽ തിരിച്ചെത്തുക എന്നതാകും കൊൽക്കത്തയുടെ ലക്ഷ്യം. ഹോം ഗ്രൗണ്ടിലെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും നിതീഷ് റാണയും കൂട്ടരും ചിന്തിക്കുന്നുമില്ല. റാണയ്‌ക്കൊപ്പം ആന്ദ്രേ റസല്‍, മന്‍ദീപ് സിങ്, റിങ്കു സിങ് എന്നീ താരങ്ങളും ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്താൻ കെൽപ്പുള്ളവരാണ്.
പഞ്ചാബിനെതിരായ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ വെങ്കിടേഷ് അയ്യർ, ആന്ദ്രേ റസൽ എന്നിവരുടെ പ്രകടനവും കൊൽക്കത്തക്ക് ഇന്ന് നിർണായകമാണ്. ബോളർമാരായ ശർദുൽ താക്കൂർ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ് എന്നിവരും വാലറ്റത്ത് വെടിക്കെട്ട് നടത്താൻ കെൽപ്പുള്ളവരാണ്.
തുല്യശക്തികള്‍ പോരാടുമ്പോൾ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇതുവരെ 30 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ 16 എണ്ണത്തില്‍ കെകെആര്‍ ജയം നേടിയപ്പോള്‍ 14 എണ്ണത്തില്‍ ആർസിബിയും വിജയം സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ഇരുവരും പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിക്കൊപ്പമായിരുന്നു ജയം.
പ്ലേയിങ് ഇലവൻ:
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്‌റ്റൻ), ദിനേശ് കാർത്തിക്, ഗ്ലെൻ മാക്‌സ്‌വെൽ, മൈക്കിള്‍ ബ്രേസ്‌വെല്‍, ഷഹബാസ് അഹമ്മദ്, ഡേവിഡ് വില്ലി, കർൺ ശർമ, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ (സി), മൻദീപ് സിങ്, റഹ്മാനുള്ള ഗുർബാസ്, റിങ്കു സിങ്, ആന്ദ്രെ റസൽ, ഷാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, സുയാഷ് ശർമ, ടിം സൗത്തി, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി.