ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 122 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 121 റണ്‍സെടുത്തത്. 41 പന്തില്‍ 34 റണ്‍സെടുത്ത രാഹുൽ ത്രിപാഠിയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
അൻമോൽപ്രീത് സിങ് 26 പന്തില്‍ 31 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് ഹൈദരാബാദിനെ തകര്‍ത്തത്. ലഖ്‌നൗ ബോളര്‍മാര്‍ തുടക്കം മുതല്‍ക്ക് വരിഞ്ഞ് മുറുക്കിയതോടെ ഹൈദരാബാദ് ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിനും അൻമോൽപ്രീതിനും വമ്പനടികള്‍ക്ക് കഴിഞ്ഞിരുന്നില്ല.
മൂന്നാം ഓവറില്‍ തന്നെ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്‌ടമാവുകയും ചെയ്‌തു. ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്ത മായങ്ക് അഗര്‍വാളായിരുന്നു ആദ്യം വീണത്. ക്രുണാലിന്‍റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ മാര്‍കസ് സ്‌റ്റോയിനിസ് പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം.
തുടര്‍ന്നെത്തിയ രാഹുല്‍ ത്രിപാഠിക്കൊപ്പം അൻമോൽപ്രീത് ടീമിനെ പതിയെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് നഷ്‌ടത്തില്‍ 43 റണ്‍സായിരുന്നു ഹൈദരാബാദിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ എട്ടാം ഓവറിന്‍റെ അഞ്ചാം പന്തില്‍ അൻമോൽപ്രീതിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ക്രുണാല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നീടെത്തിയ ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം, ഹാരി ബ്രൂക്ക് എന്നിവര്‍ നിരാശപ്പെടുത്തി. ഹൈദരാബാദിന്‍റെ ക്യാപ്റ്റനായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മാര്‍ക്രം നേരിട്ട ആദ്യ പന്തില്‍ തന്നെ കുറ്റി തെറിച്ചാണ് മടങ്ങിയത്. ക്രുണാലിനായിരുന്നു വിക്കറ്റ്. ബ്രൂക്കിനാവട്ടെ നാല് പന്തുകള്‍ മാത്രമായിരുന്നു ആയുസ്.
മൂന്ന് റണ്‍സ് മാത്രമെടുത്ത താരത്തെ രവി ബിഷ്‌ണോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു. ആറാമതായെത്തിയ വാഷിങ്‌ടണ്‍ സുന്ദര്‍ ഏറെ ശ്രദ്ധയോടെ കളിച്ച് ത്രിപാഠിക്കൊപ്പം ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു. എന്നാല്‍ ത്രിപാഠിയും പിന്നെ സുന്ദറും തിരിച്ച് കയറി.
28 പന്തില്‍ 16 റണ്‍സെടുത്ത സുന്ദറിന് ഒരൊറ്റ ബൗണ്ടറി പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. എട്ടാമന്‍ ആദില്‍ റഷീദിനെ (3 പന്തില്‍ 4) അമിത് മിശ്ര മടക്കിയപ്പോള്‍, ഉമ്രാന്‍ മാലിക്ക് റണ്ണൗട്ടായി. അബ്‌ദുല്‍ സമദ് (10 പന്തില്‍ 21*), ഭുവനേശ്വര്‍ കുമാര്‍ (0*) എന്നിവര്‍ പുറത്താവാതെ നിന്നു.
ലഖ്‌നൗവിനായി നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് ക്രുണാല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. അമിത് മിശ്ര രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ രവി ബിഷ്‌ണോയ്, യാഷ് താക്കൂർ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): മായങ്ക് അഗർവാൾ, അൻമോൽപ്രീത് സിങ് (വിക്കറ്റ് കീപ്പര്‍), രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, വാഷിംഗ്‌ടൺ സുന്ദർ, അബ്‌ദുൾ സമദ്, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്, ആദിൽ റഷീദ്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റന്‍), കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര, യാഷ് താക്കൂർ, ജയ്ദേവ് ഉനദ്‌ഘട്ട്, രവി ബിഷ്‌ണോയ്.