അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മികച്ച സ്‌കോര്‍ നേടി ഗുജറാത്ത് ടൈറ്റന്‍സ്. സെഞ്ചുറിയുമായി കളം നിറഞ്ഞ ശുഭ്‌മാന്‍ ഗില്ലിന്‍റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 188 റണ്‍സാണ് ഗുജറാത്ത് നേടിയത്. 58 പന്തില്‍ 101 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്.
സായ് സുദര്‍ശനും നിര്‍ണായകമായി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്ത് താരങ്ങള്‍ വിക്കറ്റ് വലിച്ചെറിഞ്ഞതോടെയാണ് ടീമിന് 200 കടക്കാന്‍ കഴിയാതിരുന്നത്. ഒരു റണ്ണൗട്ടടക്കം നാല് വിക്കറ്റ് വീണ ഈ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് ഭുവി വഴങ്ങിയത്.
ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ (3 പന്തില്‍ 0) നഷ്‌ടപ്പെട്ടുവെങ്കിലും ഗുജറാത്തിന്‍റെ തുടക്കം മികച്ചതായിരുന്നു. വൃദ്ധിമാന്‍ സാഹയെ ഭുവനേശ്വര്‍ കുമാര്‍ അഭിഷേക് ശര്‍മയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സായ് സുദര്‍ശനും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഗില്ലായിരുന്നു കൂടുതല്‍ ആക്രമണകാരി.
നാലാം ഓവറില്‍ തന്നെ ഗുജറാത്ത് 50 റണ്‍സില്‍ എത്തിയിരുന്നു. ഫസൽഹഖ് ഫാറൂഖി എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായ നാല് ബൗണ്ടറികളടക്കം 18 റണ്‍സാണ് ഗില്‍ അടിച്ച് കൂട്ടിയത്. ആദ്യ ആറ് ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ 65/1 എന്ന നിലയിലായിരുന്നു സംഘം. തുടര്‍ന്നും സണ്‍റൈസേഴ്‌സ് ബോളര്‍മാരെ കടന്നാക്രമിച്ച ഗില്‍ 22 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറിയിലെത്തി.
10-ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഗുജറാത്ത് നൂറ് പിന്നിട്ടിരുന്നു. ടി നടരാജന്‍ എറിഞ്ഞ 13-ാം ഓവറില്‍ സായ് സുദര്‍ശന് രണ്ട് തവണ ജീവന്‍ ലഭിച്ചത് ഹൈദരാബാദിന് തിരിച്ചടിയായി. ഒടുവില്‍ 15-ാം ഓവറിന്‍റെ ആദ്യ പന്തില്‍ സായ് സുദര്‍ശനെ (36 പന്തില്‍ 47) നടരാജന്‍റെ കയ്യിലെത്തിച്ച് മാര്‍ക്കോ ജാന്‍സെനാണ് ഹൈദരാബാദിന് ആശ്വാസം നല്‍കിയത്.
പുറത്താവും മുമ്പ് ഗില്ലിനൊപ്പം 147 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സുദര്‍ശന്‍ ഉയര്‍ത്തിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 8), ഡേവിഡ് മില്ലര്‍ (5 പന്തില്‍ 7), രാഹുല്‍ തെവാട്ടിയ (3 പന്തില്‍ 3) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ ഒരറ്റത്ത് അടിതുടര്‍ന്ന ഗില്‍ 19-ാം ഓവറില്‍ 56 പന്തുകളില്‍ നിന്നും സെഞ്ചുറി തികച്ചു. ഐപിഎല്ലില്‍ താരത്തിന്‍റെ കന്നി സെഞ്ചുറിയാണിത്.
ഭുവി എറിഞ്ഞ അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ ഗില്ലിനെ അബ്‌ദുള്‍ സമദ് പിടികൂടി. 13 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ റാഷിദ് ഖാന്‍ (1 പന്തില്‍ 0), നൂര്‍ അഹമ്മദ് (1 പന്തില്‍ 0), മുഹമ്മദ് ഷമി (1 പന്തില്‍ 0) എന്നിവരെ വിക്കറ്റും ഗുജറാത്തിന് ഈ ഓവറില്‍ നഷ്‌ടമായിരുന്നു. നൂര്‍ അഹമ്മദ് റണ്ണൗട്ടായപ്പോള്‍ മറ്റുള്ള താരങ്ങളെ പുറത്താക്കിയ ഭുവി അഞ്ച് വിക്കറ്റ് തികയ്‌ക്കുകയും ചെയ്‌തു.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ്), സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ(വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാട്ടിയ, മോഹിത് ശർമ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം(ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), അബ്ദുൾ സമദ്, സൻവീർ സിങ്, മായങ്ക് മാർക്കണ്ഡെ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി, ടി നടരാജൻ.