അഹമ്മദാബാദ്: കപ്പിനും ചുണ്ടിനുമിടയിലെ ദൂരം കുറച്ച് ട്രോഫിയില്‍ മുത്തമിടാനുള്ള ഫൈനല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോറുമായി ഗുജറാത്ത് ടൈറ്റന്‍സ്. നിശ്ചിത ഓവറില്‍ ധോണി പടയ്‌ക്കെതിരെ 215 റണ്‍സാണ് ഗുജറാത്ത് ഉയര്‍ത്തിയത്. പതിവിന് വിപരീതമായി ഗില്‍ വെടിക്കെട്ട് കാത്തിരുന്നവര്‍ക്ക് മുന്നില്‍ സെഞ്ചുറിയോളം പോന്ന 96 റണ്‍സുമായി തകര്‍ത്തടിച്ച സായ് സുദര്‍ശന്‍റെ ബാറ്റിങാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി ഗുജറാത്തിനെ ബാറ്റിങിനയയ്‌ക്കുകയായിരുന്നു. ഇതോടെ ഗുജറാത്ത് ഓപ്പണര്‍മാരായി വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും ക്രീസിലെത്തി. സീസണിലുടനീളം ഇരുവരും കാണിച്ച സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയായിരുന്നു ഇരുവരും ക്രീസില്‍ പ്രകടിപ്പിച്ചത്. ഇതോടെ മുംബൈയ്‌ക്ക് സംഭവിച്ച അതേ അപകടം ചെന്നൈയും മണത്തു. ഇരുവരില്‍ ആരെയെങ്കിലും മടക്കിയയ്‌ക്കാന്‍ ചെന്നൈ ബോളര്‍മാര്‍ കിണഞ്ഞുശ്രമിച്ചു. എന്നാല്‍ പവര്‍പ്ലേയില്‍ കൂറ്റനടികളുമായി ഗുജറാത്ത് ഓപ്പണര്‍മാര്‍ പ്രതീക്ഷയ്‌ക്ക് വകയില്ലെന്ന് വ്യക്തമാക്കി കൊണ്ടിരുന്നു.
അങ്ങനെ ഏഴാമത്തെ ഓവറിലെ അവസാന പന്തില്‍ ഗില്ലിനെ മടക്കി നായകന്‍ ധോണി ചെന്നൈയ്‌ക്ക് ആശ്വാസം നല്‍കി. വിശ്വസ്ഥനായി രവീന്ദ്ര ജഡേജയുടെ പന്തില്‍ 0.01 സെക്കന്‍റ് മാത്രമുള്ള മിന്നല്‍ സ്‌റ്റമ്പിങിലൂടെയായിരുന്നു ധോണി ഗില്ലിന് പുറത്തേക്കുള്ള വഴി കാണിച്ചത്. ഇതോടെ 20 പന്തില്‍ 39 റണ്‍സുമായി അപകടകാരിയായേക്കാവുന്ന ഗില്‍ തിരിച്ചുകയറി. ഇതിനിടെ ഏഴ് ബൗണ്ടറികളും ഓറഞ്ച് ക്യാപ് വിന്നര്‍ നേടിയിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ സായ് സുദര്‍ശനെ കൂടെ കൂട്ടി സാഹ ഗുജറാത്തിനെ മുന്നോട്ടുനയിച്ചു.
ഗില്‍ അവസാനിപ്പിച്ചയിടത്ത് നിന്നും ആരംഭിക്കുന്നതായിരുന്നു സുദര്‍ശന്‍റെ ബാറ്റിങ്. ഗില്ലിനോളവും ചില സമയങ്ങളില്‍ ഗില്ലിനെ മറികടന്നുള്ള തകര്‍പ്പനടികളുമായി സുദര്‍ശന്‍ മുന്നേറിയതോടെ ഗുജറാത്ത് സ്‌കോര്‍ബോര്‍ഡും ആവേശത്തിലായി. എന്നാല്‍ 14 ഓവറില്‍ ദീപക് ചഹാര്‍ സാഹയെ മടക്കി ഈ സുഗമമായ യാത്രയ്‌ക്ക് ബ്രേക്കിട്ടു. ധോണിക്ക് ക്യാച്ച് നല്‍കിയായിരുന്നു സാഹയുടെ മടക്കം. എന്നാല്‍ ഇതിനിടെ സിക്‌സറും അഞ്ച് ബൗണ്ടറികളും കുറിച്ച് അര്‍ധസെഞ്ചുറിയും സ്വന്തമാക്കിയായിരുന്നു സാഹ കൂടാരം കയറിയത്.
ഈ സമയം ക്രീസിലുണ്ടായിരുന്ന സുദര്‍ശന് മികച്ച പിന്തുണ നല്‍കാന്‍ നായകനും പവര്‍ഹിറ്ററുമായ ഹാര്‍ദിക് പാണ്ഡ്യ തന്നെ നേരിട്ടെത്തി. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് സുദര്‍ശന്‍റെ ബാറ്റിങിന് എല്ലാവിധ പിന്തുണയും ഒരുക്കി നല്‍കുകയായിരുന്നു ഹാര്‍ദിക്. ഇതോടെ ഗുജറാത്ത് കുതിച്ചു. പിന്നീടൊരു വിക്കറ്റിനായി ചെന്നൈയ്‌ക്ക് അവസാന ഓവര്‍ വരെ കാത്തിരിക്കേണ്ടതായി വന്നു.
തകര്‍പ്പനടികളുമായി സെഞ്ചുറിയിലേക്കടുത്ത സായ് സുദര്‍ശനെ പതിരാനയാണ് പുറത്താക്കിയത്. ആറ് സിക്‌സറുകളും എട്ട് ബൗണ്ടറികളുമായി രാജകീയമായി തന്നെയായിരുന്നു സുദര്‍ശന്‍റെ മടക്കം. അവശേഷിക്കുന്ന മൂന്ന് പന്തുകള്‍ കൂടി തകര്‍ത്തടിച്ച് സ്‌കോര്‍ ഒന്നുകൂടി കൊഴുപ്പിക്കാനെത്തിയ റാഷിദ് ഖാന് കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ ഗുജറാത്തിന്‍റെ തേരോട്ടം നാല് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സില്‍ അവസാനിച്ചു. അതേസമയം ചെന്നൈയ്‌ക്കായി മഹീഷ പതിരാന രണ്ടും ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.