മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിങ്സ് പോരാട്ടം. രാത്രി 7.30ന് മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള പഞ്ചാബിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ ഇന്നത്തെ വിജയം അനിവാര്യമാണ്. അതേസമയം 16 പോയിന്‍റുമായി ഗുജറാത്ത് ഇതിനകം പ്ലേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞു.
നായകൻ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവാണ് ഗുജറാത്തിന്‍റെ ശക്‌തി. വൃദ്ധിമാൻ സാഹ, ശുഭ്‌മാൻ ഗിൽ, ഡേവിഡ് മില്ലർ എന്നിവർ ഫോമിലേക്കുയർന്നാൽ ഗുജറാത്തിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. വാലറ്റത്ത് ഏത് ബൗളർമാരെയും തകർത്തടിക്കാൻ കഴിയുന്ന രാഹുൽ തെവാട്ടിയ- റാഷിദ് ഖാൻ സഖ്യം കൂടി ചേരുന്നതോടെ ഗുജറാത്തിന്‍റെ ബാറ്റിങ് നിര ശക്‌തമാകും. ബൗളർമാരിൽ ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നിവരും മികച്ച ഫോമിലാണ്.
മറുവശത്ത് ശിഖാർ ധവാനും നായകൻ മായങ്ക് അഗർവാളുമാണ് പഞ്ചാബ് ടീമിന്‍റെ ബാറ്റിങ് കരുത്ത്. ലിയാം ലിവിങ്സ്റ്റണ്‍, ജോണി ബെയർസ്റ്റോ, ഭാനുക രാജപക്‌സെ എന്നിവർ ഫോമിലായാൽ പഞ്ചാബിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. കാഗിസോ റബാഡ, അർഷദീപ് സിങ്, സന്ദീപ് ശർമ്മ, ഋഷി ധവാൻ എന്നിവരടങ്ങുന്ന പേസ് ബൗളിങ് യൂണിറ്റും രാഹുൽ ചഹാർ, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരുടെ സ്‌പിൻ നിരയും മികച്ച രീതിയിൽ തന്നെ പന്തെറിയുന്നുണ്ട്.