മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ കീഴടക്കി സീസണിലെ രണ്ടാം ജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. രാജസ്ഥാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്‌ടത്തിലാണ് ബാംഗ്ലൂർ മറികടന്നത്. 87 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്‌ടപ്പെട്ട ബാംഗ്ലൂരിനെ ഷഹബാസ് അഹമ്മദിന്‍റെയും ദിനേഷ് കാർത്തിക്കിന്‍റെയും വെടിക്കെട്ട് പ്രകടനമാണു വിജയത്തിലേക്കെത്തിച്ചത്.
നേരത്തെ, ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയല്‍സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് റോയല്‍സിന് മികച്ച സ്‌കോറിലെത്തിച്ചത്. 47 പന്തുകള്‍ നേരിട്ട ബട്‌ലര്‍ ആറ് സിക്‌സടക്കം 70 റണ്‍സുമായി പുറത്താകാതെ നിന്നു. ഡേവിഡ് വില്ലി, ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ബാംഗ്ലൂരിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഓപ്പണർമാരായ അനുജ് റാവത്തും ഫാഫ് ഡുപ്ലസിസും ഗംഭീര തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. ഇരുവരും 55 റൺസാണ് ബാംഗ്ലൂരിനായി ഒന്നാം വിക്കറ്റിൽ നേടിയത്. എന്നാൽ 29 റൺസ് നേടിയ ഫാഫിനെ പുറത്താക്കി ചഹല്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.
എട്ടാം ഓവറില്‍ അനുജ് റാവത്തിനെ മടക്കി സൈനി രാജസ്ഥാന് പ്രതീക്ഷയേകി. 25 പന്തില്‍ നിന്ന് നാല് ഫോറടക്കം 26 റണ്‍സെടുത്താണ് റാവത്ത് മടങ്ങിയത്. പിന്നാലെയെത്തിയ കോലി അഞ്ച് റൺസുമായി സഞ്ജുവിന്‍റെ പറക്കും ത്രോയില്‍ റണ്ണൗട്ടായി. പിന്നാലെ ഡേവിഡ് വില്ലിയേയും ബൗൾഡാക്കിയ ചഹല്‍ ബാംഗ്ലൂരിന് അടുത്ത പ്രഹരമേൽപ്പിച്ചു.
ALSO READ: മാക്‌സ്‌വെല്‍ വരുമോ ?; അതിലൊരു തീരുമാനമായെന്ന് മൈക്ക് ഹെസൻ
13-ാം ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ട് റുഥര്‍ഫോര്‍ഡിനെ സെയ്‌നിയുടെ കൈകളിലെത്തിച്ചതോടെ 87 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. തോൽവി മുന്നിൽ കണ്ട ബാംഗ്ലൂരിനെ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഷഹബാസ് അഹമ്മദ് - ദിനേഷ് കാര്‍ത്തിക്ക് സഖ്യം ആറാം വിക്കറ്റില്‍ 67 റൺസ് കൂട്ടിച്ചേർത്താണ് രാജസ്ഥാനില്‍ നിന്ന് വിജയം പിടിച്ചെടുത്തത്.
ഷഹബാസ് 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 45 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക്ക് 23 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 44 റണ്‍സോടെ പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി ട്രെന്‍ഡ് ബോള്‍ട്ടും ചഹലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.