എറണാകുളം: ദോഹയിൽ നിന്നും കൊച്ചിയിലേക്ക് ആദ്യമായി പറന്നിറങ്ങി 'ഇവ' താരമായി. തൃശൂർ ചേലക്കര സ്വദേശിയായ കെ എ രാമചന്ദ്രന്‍റെ ഓമനയായ 'ഇവ' എന്ന പൂച്ചക്കുട്ടിയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശത്തു നിന്ന് വളർത്തു മൃഗങ്ങളെ കൊണ്ടുവരാനുള്ള സർട്ടിഫിക്കേഷൻ ഒക്ടോബറിൽ ലഭിച്ചതിനു ശേഷമാണ് ആദ്യമായി ഒരു ഓമന മൃഗം കേരളത്തിലെത്തിയത്.

ഇതോടെ ഇവയ്‌ക്കൊപ്പം സിയാലും ചരിത്രത്തിന്‍റെ ഭാഗമായി. സങ്കരയിനത്തിൽപെട്ട ഒരു വയസുകാരിയാണ് സുന്ദരിയായ 'ഇവ'. വിമാന യാത്ര കഴിഞ്ഞ് കൊച്ചി വിമാനത്താവളത്തിലെത്തിയ ഈ പൂച്ചക്കുട്ടി തെല്ലൊരു അത്‌ഭുതത്തോടെയാണ് പുറത്തിറങ്ങിയത്.

യജമാനന്‍റെ പ്രവാസ ലോകം മാത്രം പരിചയമുള്ള അവൾ, തിളങ്ങുന്ന കണ്ണുകളോടെ കേരളക്കരയിലെ ആദ്യ കാഴ്‌ചകൾ കണ്ടു. വ്യാഴാഴ്‌ച രാവിലെ 10:17 ന്, എയർ ഇന്ത്യയുടെ എഐ 954 വിമാനത്തിലാണ് ഇവ ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയത്.
മികച്ച സേവനമാണ് സിയാൽ നൽകിയതെന്ന് ഇവയുടെ ഉടമയായ രാമചന്ദ്രൻ പറഞ്ഞു. കസ്റ്റംസ്, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ആയാസരഹിതമായി, വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിച്ചു. 'ഇവ'യെ കൊണ്ടുവരാനുള്ള പ്രക്രിയകൾ സുഗമമാക്കി തന്ന സിയാലിന് നന്ദി രേഖപ്പെടുത്തുന്നതായും ഓമനമൃഗത്തോടൊപ്പം കൊച്ചിയിലെത്തിയ രാമചന്ദ്രൻ കൂട്ടിചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ വർഷം ജൂലൈയിലാണ് 'പെറ്റ് എക്സ്പോർട്ട്' സൗകര്യം സിയാലിൽ നിലവിൽ വന്നത്. നിരവധി യാത്രക്കാർ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 'അനിമൽ ക്വാറന്‍റൈൻ & സർട്ടിഫിക്കേഷൻ സർവീസ്' (എ.ക്യൂ.സി.എസ്) അനുമതി ലഭിച്ചതോടെ, 'പെറ്റ് എക്സ്പോർട്ട് - ഇംപോർട്ട്' സൗകര്യങ്ങളുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാൽ മാറിയിരിക്കുകയാണ്.
വിപുലമായ സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷൻ, വെറ്ററിനറി ഡോക്‌ടറുടെ സേവനം, ക്വാറന്‍റൈൻ സെന്‍റർ എന്നീ സൗകര്യങ്ങൾ സിയാലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്‌ച പുലർച്ചെ ബെൽജിയത്തിൽ നിന്ന് ഒരു നായ്ക്കുട്ടി കൂടി കൊച്ചി വിമാനമിറങ്ങുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
വളർത്തുമൃഗങ്ങളെ വിമാന മാർഗം എങ്ങിനെ കൊച്ചിയിലെത്തിക്കാം?
വിദേശത്തു നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടു വരാനും കൊണ്ടു പോകാനുമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നതിന് എയർലൈനുകളെയോ, കാർഗോ ഹാൻഡ്‌ലിങ് ഏജൻസികളെയോ ആണ് യാത്രക്കാർ ആദ്യം ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://aqcsindia.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.