പൃഥ്വിരാജിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്‌ത 'സെല്ലുലോയി'ഡിലെ 'കാറ്റേ കാറ്റേ' എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച് മലയാള സിനിമ സംഗീത ലോകത്തേക്ക് കടന്നു വന്ന ഗായകനാണ് ജി ശ്രീറാം. എം ജയചന്ദ്രന്‍റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനം ശ്രീറാം ആലപിക്കുമ്പോള്‍ അന്ന് അദ്ദേഹത്ത് 52 വയസ്സ്.
ശേഷം കമൽ തന്നെ സംവിധാനം ചെയ്‌ത ജയറാം ചിത്രം 'നടനി'ലും ഒരു ഗാനം ആലപിച്ചിരുന്നു. തുടര്‍ന്ന് ബിജിബാലിന്‍റെ സംഗീതത്തിൽ 'ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്' എന്ന ചിത്രത്തിലും അദ്ദേഹം പാടി. പിന്നീടൊരു വലിയ ഹിറ്റ് ഗാനം ശ്രീറാമിന്‍റെ ശബ്‌ദത്തിൽ പിറക്കുന്നത്, ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത 'ഒരു ഇന്ത്യൻ പ്രണയകഥ' എന്ന സിനിമയിലൂടെയാണ്.
'ഒരു ഇന്ത്യൻ പ്രണയകഥ'യിലെ 'വാളെടുക്കണം' എന്ന ഗാനം ഹിറ്റ് ലിസ്‌റ്റിൽ ഇടം പിടിച്ചിരുന്നു. വിദ്യാസാഗറാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്. ഗാനം ആലപിക്കുന്നതിന് മുമ്പായി വിദ്യാസാഗറിനെ കുറിച്ച് പേടിപ്പിക്കുന്ന കഥകളാണ് താന്‍ കേട്ടതെന്ന് ജി ശ്രീറാം ഇടിവി ഭാരതിനോട് പറഞ്ഞു.
"കാറ്റേ കാറ്റേ എന്ന ഗാനത്തിന് ശേഷം നിരവധി സിനിമകളിൽ പാട്ടു പാടാൻ അവസരം ലഭിച്ചിരുന്നു. അതിന് ശേഷമാണ് സത്യൻ അന്തിക്കാടിനൊപ്പം ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ സഹകരിക്കാൻ ഭാഗ്യം ലഭിക്കുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. സത്യൻ അന്തിക്കാട് ഒരു ദിവസം തന്നെ വിളിച്ചിട്ട് വിദ്യാസാഗറിനെ കോൺടാക്‌ട് ചെയ്യാൻ ആവശ്യപ്പെട്ടു.
സത്യൻ അന്തിക്കാടിന്‍റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. മാത്രമല്ല, വിദ്യാസാഗറിനെ കുറച്ച് ഞാൻ കേട്ടതെല്ലാം അത്ര നല്ല കാര്യങ്ങളായിരുന്നില്ല. പാട്ടു പാടാൻ റെക്കോർഡിംഗ് സ്‌റ്റുഡിയോയില്‍ എത്തിയാൽ വിദ്യാസാഗർ ആ ഭാഗത്തെ വരില്ല എന്നാണ് കേട്ടിട്ടുള്ളത്. വിദ്യാസാഗറിന്‍റെ സഹായികളാണ് പാട്ട് പഠിപ്പിച്ച് തരിക. പാട്ടു പാടിയ ശേഷം അവസാനഘട്ടത്തിലാകും വിദ്യാജി എത്തുക.
പാടിയതിൽ എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചാലോ പാട്ടുപാടിയത് ഇഷ്‌ടപ്പെട്ടില്ലെങ്കിലോ ശകാരിച്ച് കണ്ണ് പൊട്ടിക്കും. ഇത്തരത്തിലുള്ള കാര്യങ്ങൾ പലരും വിദ്യാസാഗറിനെ പറ്റി എന്നോട് പറഞ്ഞ് പേടിപ്പിച്ചാണ് ഒരു ഇന്ത്യൻ പ്രണയകഥയിലെ ഗാനം ആലപിക്കാൻ വിടുന്നത്."-ജി ശ്രീറാം പറഞ്ഞു.
റെക്കോർഡിംഗ് സമയമത്തെ ഉള്ളിലെ ഭയത്തെ കുറിച്ചും വിദ്യാസാഗറിന് മുന്നിലെത്തിയ അനുഭവത്തെ കുറിച്ചും ശ്രീറാം വിവരിച്ചു. പാട്ടിന്‍റെ ആദ്യ വരി മുതൽ വിദ്യാസാഗര്‍ തനിക്ക് പഠിപ്പിച്ച് തന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഭയന്ന് വിറച്ചാണ് വിദ്യാസാഗറിന് മുന്നിലെത്തിയത്. പറഞ്ഞതും കേട്ടതും എല്ലാം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടു. നമ്മൾ പുറമെ കേൾക്കുന്നത് ഒന്നുമല്ല സത്യം. അവിടെ ചെന്ന ശേഷം പാട്ടിന്‍റെ ആദ്യ വരി മുതൽ എന്നെ പഠിപ്പിച്ചു തന്നത് വിദ്യാസാഗർ ആണ്. എത്ര വിനയത്തോടു കൂടിയാണ് അദ്ദേഹം എന്നോട് പെരുമാറിയതെന്ന് പറഞ്ഞറിയിക്കാൻ ആകില്ല. എന്തൊക്കെയാണ് ഈ മനുഷ്യനെ കുറിച്ച് ആളുകള്‍ പറയുന്നത്.
ഒരു ഗംഭീര വ്യക്‌തിത്വത്തിന് ഉടമയാണ് വിദ്യാസാഗർ. അതാണ് എനിക്ക് അദ്ദേഹത്തെ സംബന്ധിച്ചുള്ള അനുഭവ സാക്ഷ്യം. ഒരു ദിവസം മുഴുവൻ വിദ്യസാഗർ എന്നെ പാട്ടു പഠിപ്പിച്ചു. പിറ്റേ ദിവസമാണ് റെക്കോർഡിംഗ് ഫിക്‌സ് ചെയ്‌തത്. പക്ഷേ റെക്കോർഡിംഗിന് സമയമായപ്പോൾ ഉള്ളിലൊരു ഭയം തോന്നിത്തുടങ്ങി. വാളെടുക്കണം എന്ന പ്രശസ്‌തമായ ഗാനമാണ് ആലപിക്കാനായി പോകുന്നത്.
എന്‍റെ ശബ്‌ദത്തിന്‍റെ ടോണ്‍ മാറ്റിപ്പാടണം എന്നാണ് വിദ്യാസാഗറിന്‍റെ നിർദ്ദേശം. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ആദ്യം ഞാൻ ഒരു കട്ടിയുള്ള ടോണിൽ പാടി. അത് ഇഷ്‌ടപ്പെടാത്തത് കൊണ്ട് വളരെ ലൈറ്റായി ഹാസ്യവൽക്കരിച്ച് പാടി. അതും വിദ്യാജിക്ക് ഇഷ്‌ടപ്പെട്ടില്ല. ആദ്യം പാടിയ ടോണിന്‍റെയും അവസാനം പാടിയ ടോണിന്‍റെയും ഇടയ്ക്കുള്ള ഒരു രീതിയിൽ ഒന്ന് പാടി നോക്കാൻ വിദ്യാജി നിർദ്ദേശിച്ചു. അങ്ങനെ പാടിയപ്പോൾ സംഗതി ഓക്കേ."-ശ്രീറാം പറഞ്ഞു.
വാളെടുക്കണം എന്ന ഗാനത്തിന്‍റെ റെക്കോഡിംഗ് ആരംഭിക്കാന്‍ വിദ്യാസാഗര്‍ നിര്‍ദേശിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. സ്‌റ്റുഡിയോയിലേക്ക് കയറുന്നതിന് മുമ്പ് തന്നോട് വിദ്യാസാഗര്‍ പറഞ്ഞ വാക്കുകളെ കുറിച്ചും ഗായകന്‍ പങ്കുവയ്‌ക്കുന്നു.
"പാടി തുടങ്ങിയാൽ അവസാനം വരെ ഈ ടോൺ മനസ്സിൽ ഓർത്തുവച്ച് വേണം പാടാൻ. എങ്ങാനും ഇടയ്ക്ക് വച്ച് ആദ്യം പിടിച്ച ടോൺ മറന്നു പോകുമോ എന്ന ഭയം ഉണ്ടായിരുന്നു. ഞാൻ പാടിക്കേൽപ്പിച്ച വോയിസ് മോഡുലേഷൻ ഇഷ്‌ടപ്പെട്ടതോടെ റെക്കോർഡിംഗ് ആരംഭിക്കാം എന്ന് വിദ്യാസാഗർ നിർദ്ദേശിച്ചു.
ഞാൻ റെക്കോർഡിംഗ് സ്‌റ്റുഡിയോയുടെ ഡോറിന് അടുത്തേക്ക് നടന്നതും വിദ്യാജി എന്നെ പിന്നിൽ നിന്നും വിളിച്ചു. ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. 'എതിക്ക് സാർ ടെൻഷൻ.. ടെൻഷൻ വേണ.. ഒരു ടീ സാപ്പിട്ടത്ക്കപ്പുറം ആരംഭിക്കലാമേ..' ടെൻഷൻ വേണ്ട ഒരു ചായ കുടിച്ചിട്ട് റെക്കോർഡ് ചെയ്യാം എന്നാണ് അതിനർത്ഥം. ശേഷം വിദ്യാസാഗർ തന്നെ എനിക്കൊരു ചായ എടുത്തു നൽകി.
അത് കുടിച്ചു തീർത്ത ശേഷമാണ് റെക്കോർഡിംഗ് സ്‌റ്റുഡിയോയിലേയ്‌ക്ക് പാടാനായി കയറുന്നത്. വോയിസ് ബൂത്തിൽ നിൽക്കുമ്പോൾ പാട്ടിനെ കുറിച്ചല്ല എന്‍റെ ചിന്ത പോയത്. ഇത്രയും നല്ല മനുഷ്യൻ, ഇത്രയും നല്ല സംഗീതജ്ഞൻ. ഇദ്ദേഹത്തെ കുറിച്ചാണല്ലോ ചിലരൊക്കെ അപവാദം പറഞ്ഞ് നടക്കുന്നത്. ഞാൻ വെറുതെ പേടിച്ചു."-ശ്രീറാം പറഞ്ഞു.
ആദ്യം പാടിയതും വിദ്യാസാഗര്‍ ഒരു ടേക്ക് പറഞ്ഞു, വീണ്ടും പാടി, വീണ്ടും റീട്ടേക്ക് പറഞ്ഞു.. അതോടെ തന്‍റെ സകല ധൈര്യവും ചോര്‍ന്നുവെന്നാണ് ഗായകന്‍ പറയുന്നത്. എന്നെ ഇവിടുന്ന് ഇറക്കി വിട്ടേക്കാം എന്നുവരെ ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
"വാളെടുക്കണം വല വിരിക്കണം വേണ്ടിടത്ത് വേണ്ട പോലെ വാൽ മടക്കണം. ഇതാണ് ആദ്യ വരി. അതങ്ങ് പാടി. ആദ്യം പരിപാടിയതും വിദ്യാസാഗർ കൺസോളിൽ ഇരുന്ന് വൺ മോർ ടേക്ക് എന്ന് പറഞ്ഞു. ഞാൻ ഒന്നു കൂടി പാടി. വീണ്ടും ആദ്യ വരി പാടിയതും ഒന്നുകൂടി പാടാമെന്ന് വിദ്യാസാഗർ നിർദ്ദേശിച്ചു. വീണ്ടും പാടി, വീണ്ടും വിദ്യാസാഗർ റീട്ടേക്ക് വിളിച്ചു. അതോടെ സകല ധൈര്യവും ചോർന്നു പോയി.
ഞാൻ പാടിയതിന് എന്തോ കുഴപ്പമുണ്ട്. എന്തു ചെയ്യുമെന്ന് അറിയില്ല. ചിലപ്പോൾ എന്നെ ഇവിടുന്ന് ഇറക്കി വിട്ടേക്കാം, അങ്ങനെയൊക്കെ ചിന്തിച്ചു. പെട്ടെന്ന് പതിഞ്ഞ സ്വരത്തിൽ കൺസോളിൽ ഇരുന്ന് അദ്ദേഹം മൈക്കിലൂടെ വിളിച്ചു പറഞ്ഞത് ഇപ്രകാരമാണ്.. ഇത്രയും കഷ്‌ടപ്പെട്ട് ശ്രീറാം പാടണം എന്നില്ല.
നമ്മുടെ ടെക്നോളജി ഒക്കെ ഒരുപാട് വളർന്നു കഴിഞ്ഞു. ഒരുമിച്ച് എല്ലാ വരികളും പാടണം എന്നില്ല. വളരെ ലൈറ്റ് ആയിട്ട് ഓരോരോ വരി ആയി പാടിയാൽ മതി. ഇവിടെ ടെക്നോളജി ഉണ്ട്. ഇത്രയും ഹാർഡ് വർക്ക് ചെയ്യേണ്ട കാര്യമില്ല. റിലാക്‌സ് ആയി പാടു.. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഗാനം ആലപിച്ച് കഴിഞ്ഞു. അതൊരു വലിയ ഹിറ്റ് ഗാനവുമായി."-ജി ശ്രീറാം പറഞ്ഞു.