അഹമ്മദാബാദ്: കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിനെതിരെ നേടിയ മികച്ച വിജയത്തിന് പിന്നാലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ക്രിസ് ഗെയിലിനെ പ്രശംസിച്ച് പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. പ്രായമാകുന്നതിനോടൊപ്പം ഗെയിലിന്‍റെ പ്രകടനം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണെന്നായിരുന്നു രാഹുലിന്‍റെ പ്രശംസ. ക്യാപ്റ്റനെന്ന നിലയില്‍ തനിക്കുണ്ടാവുന്ന സമ്മര്‍ദ്ദങ്ങളെ ഗെയില്‍ ഇല്ലാതാക്കുന്നതായും രാഹുല്‍ പറഞ്ഞു.
"ഗെയിലിനെക്കുറിച്ചും, അദ്ദേഹത്തിന്‍റെ പ്രായത്തെക്കുറിച്ചും, അദ്ദേഹം കളിക്കണമോ എന്നതിനെക്കുറിച്ചും ധാരാളം എഴുത്തുകളുണ്ട്. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ എനിക്കറിയാം, പുറത്തേക്ക് നടക്കുമ്പോൾ അദ്ദേഹത്തിന് ഉണ്ടാക്കാനാവുന്ന സ്വാധീനം വളരെ വലുതാണ്". രാഹുല്‍ പറഞ്ഞു.
read more: മുന്നൊരുക്കം ഗംഭീരമാക്കി ഹാമില്‍ട്ടണ്‍; പോർച്ചുഗലിലെ രണ്ടാം പരിശീലന സെഷനിൽ ഒന്നാമത്
"ഞാൻ 7-8 വർഷമായി അദ്ദേഹത്തോടൊപ്പം കളിച്ചു, അദ്ദേഹം കൂടുതൽ മികച്ചതാകുന്നു. മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോള്‍, കരിയറിൽ ഇതുവരെ ചെയ്യാത്ത ഒന്ന്, പക്ഷേ ടീമിനായി അദ്ദേഹം അത് ചെയ്യും. ക്രിസ് അത്തരത്തിലുള്ള ആളാണ്. അദ്ദേഹം എന്നില്‍ നിന്നും സമ്മർദ്ദം അകറ്റുന്നു". രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 34 റണ്‍സിനായിരുന്നു പഞ്ചാബിന്‍റെ വിജയം. രാഹുലിന്‍റേയും ഗെയിലിന്‍റേയും പ്രകടനമാണ് പഞ്ചാബിന് മുതല്‍ക്കൂട്ടായത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. ബാഗ്ലൂരിന്‍റെ മറുപടി എട്ടുവിക്കറ്റ് നഷ്ടത്തില്‍ 145ല്‍ ഒതുങ്ങി. 57 പന്തില്‍ 91 റണ്‍സെടുത്ത രാഹുല്‍ പുറത്താവാതെ നിന്നു. ഗെയില്‍ 24 പന്തില്‍ 46 റണ്‍സും കണ്ടെത്തിയിരുന്നു.