കൊൽക്കത്ത : ബാറ്റർമാർ തകർത്തടിക്കുന്ന അവസാന ഓവറുകളിൽ പന്തെറിയാൻ താൻ ഇഷ്‌ടപ്പെടുന്നുവെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പേസറായ ഹർഷൽ പട്ടേൽ. ഡെത്ത് ഓവറുകളിൽ പന്തെറിയുമ്പോൾ കൂടുതൽ സമ്മർദം നേരിടുമെങ്കിലും മികച്ച രീതിയിൽ ബോള്‍ ചെയ്‌ത് സ്വയം പരീക്ഷിക്കാൻ എപ്പോഴും ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞു.
പ്ലേ ഓഫിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരായ മത്സരത്തിൽ ഹർഷലിന്‍റെ നിർണായക ബോളിങ്ങ് പ്രകടനത്തിന്‍റെ മികവിലാണ് ബാംഗ്ലൂർ ജയത്തിലെത്തിയത്.'വിഷമകരമായ സാഹചര്യങ്ങളിൽ പന്തെറിയാൻ ഞാൻ ആഗ്രഹിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ എനിക്ക് മികച്ച രീതിയിൽ പന്തെറിയാനാകുമോ ഇല്ലയോ എന്ന് പറയാനാകില്ല. ഹരിയാനയ്ക്ക് വേണ്ടി ഞാൻ അത് ചെയ്യുന്നു.
ഐപിഎൽ പോലെയുള്ള വലിയ മത്സരങ്ങളിലും അവസാന ഓവറുകളിൽ പന്തെറിയാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. കഴിഞ്ഞ 2-3 വർഷമായി ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമാണിത്.' ലഖ്‌നൗവിനെതിരായ മത്സരശേഷം ഹർഷൽ പറഞ്ഞു.
എൽഎസ്‌ജിക്കെതിരായ ഐപിഎൽ എലിമിനേറ്ററിൽ ‘ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ്’ എന്ന ഖ്യാതിയും ഹർഷലിനെ തേടിയെത്തി. ലഖ്‌നൗ ഇന്നിങ്ങ്‌സിൽ ഹർഷൽ എറിഞ്ഞ 18-ാം ഓവറിൽ ആദ്യ രണ്ട് പന്തുകൾ വൈഡായി. ബൈയായി നാല് റൺസും വഴങ്ങി. എന്നാൽ അടുത്ത ആറുപന്തിൽ 2 റൺസ് മാത്രം വഴങ്ങി സ്‌റ്റോയിനിസിനെ പുറത്താക്കിയ ഹർഷൽ ശക്‌തമായ തിരിച്ചുവരവാണ് നടത്തിയത്.
കഴിഞ്ഞ സീസണിൽ ആർസിബിക്ക് വേണ്ടി 21 വിക്കറ്റുകൾ നേടിയ ഹർഷൽ ഈ ഐപിഎല്ലിൽ 15 മത്സരങ്ങളിൽ നിന്നായി ഇതുവരെ 19 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 'ഇത്തരത്തിലുള്ള ഒരു വിക്കറ്റിൽ എന്‍റെ പന്തുകളിൽ ഭൂരിഭാഗവും സ്ലോ ബോളുകൾ എറിയണമെന്ന് ധാരണയുണ്ടായിരുന്നു. കാരണം നല്ല പേസിൽ പന്തെറിഞ്ഞാൽ ബാറ്റിങ് എളുപ്പമാക്കുമെന്ന് ലഖ്‌നൗ ആദ്യ ഇന്നിങ്‌സില്‍ ബോള്‍ ചെയ്‌തപ്പോള്‍ തന്നെ സൂചന ലഭിച്ചതായും താരം പറഞ്ഞു.