മുംബൈ : ആദ്യ പകുതി പിന്നിട്ട ഐപിഎല്‍ ആവേശകരമായ രീതിയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. 9 മത്സരങ്ങള്‍ ടീമുകള്‍ കളിച്ച് കഴിഞ്ഞെങ്കിലും ആരെല്ലാം അവസാന നാലില്‍ സ്ഥാനം പിടിച്ച് പ്ലേ ഓഫിലേക്ക് മുന്നേറുമെന്നതില്‍ വ്യക്തതയായിട്ടില്ല. ഗുജറാത്ത്, ലഖ്‌നൗ, ചെന്നൈ രാജസ്ഥാന്‍, എന്നീ ടീമുകളാണ് നിലവില്‍ പോയിന്‍റ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഇതില്‍ പ്ലേ ഓഫിലേക്ക് മുന്നേറാന്‍ കൂടുതല്‍ സാധ്യതയുള്ള ടീം 12 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ്. കെഎല്‍ രാഹുലിന്‍റെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും 11 പോയിന്‍റ് വീതവും. ഇവര്‍ക്ക് പിന്നിലുള്ള രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്ക് 10 പോയിന്‍റ് വീതവുമാണ്.
ഈ സാഹചര്യത്തില്‍ പ്ലേ ഓഫിലെ മൂന്ന് സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത് ആറ് ടീമുകളാണ്. ആരൊക്കെ അവസാന നാലില്‍ ഇടം പിടിക്കുമെന്ന് അറിയാന്‍ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഐപിഎല്‍ പതിനാറാം പതിപ്പിലെ പ്ലേ ഓഫിലേക്ക് എത്തുന്ന നാല് ടീമുകള്‍ ഏതെല്ലാമായിരിക്കുമെന്ന് പ്രവചനവുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനക്കാരായി തന്നെ പ്ലേ ഓഫിലേക്ക് മുന്നേറുമെന്നാണ് ഹര്‍ഭജന്‍ സിങ്ങിന്‍റെ പ്രവചനം. പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ അവസാന നാലില്‍ ഇടം പിടിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെടുന്നത്. രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ടീമുകള്‍ക്ക് മുന്നേറാന്‍ സാധിക്കില്ലെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍സ്‌പോര്‍ട്‌സ് പ്രത്യേക പരിപാടിയിലൂടെയായിരുന്നു ഹര്‍ഭജന്‍റെ പ്രതികരണം.
'ഗുജറാത്ത് ഒന്നാം സ്ഥാനക്കാരാകുമെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടാം സ്ഥാനം തീര്‍ച്ചയായും സ്വന്തമാക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയിരിക്കും. മൂന്നാം സ്ഥാനം മുംബൈ ഇന്ത്യന്‍സ് പിടിക്കും.
അവര്‍ ഇപ്പോള്‍ ഏറ്റവും താഴെയായിരിക്കാം. എന്നാലും പ്ലേ ഓഫിലേക്ക് കുതിക്കാന്‍ അവര്‍ക്കും സാധിക്കും. ആര്‍സിബി നാലാം സ്ഥാനക്കാരാകാനാണ് സാധ്യത.
രാജസ്ഥാനും സാധ്യതകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ മുംബൈ ഇന്ത്യന്‍സായിരിക്കും അവരെ മറികടക്കുന്നത്' - ഹര്‍ഭജന്‍ പറഞ്ഞു.
ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ ഓരോ ടീമിനും നിര്‍ണായകമാണ്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്ക് മാത്രമാണ് അവസാന നാലിലേക്കെത്താന്‍ വിദൂര സാധ്യതയുള്ളത്. അതേസമയം ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.