ചെന്നൈ: ഐപിഎല്‍ 16-ാം പതിപ്പില്‍ എംഎസ് ധോണിക്ക് കീഴില്‍ കുതിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയം നേടിയ ടീം നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഇക്കൊല്ലത്തോടെ ധോണി ഐപിഎല്‍ അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
ഈ സീസണില്‍ ചെന്നൈയെ മുന്നില്‍ നിന്ന് നയിക്കുന്നതിന് പുറമെ ബാറ്റ് കൊണ്ട് ചെറിയ രീതിയിലെങ്കിലും പഴയ കാലത്തെ അനുസ്‌മരിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാനും ധോണിക്കായിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ആദ്യ മത്സരത്തിലായിരുന്നു വെടിക്കെട്ട് പ്രകടനം നടത്തി ധോണി ആരാധകരെ ഞെട്ടിച്ചത്. ഈ മത്സരത്തില്‍ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തില്‍ നിന്ന് 32 റണ്‍സാണ് അടിച്ചെടുത്തത്.
ചെന്നൈക്കായി മധ്യനിരയില്‍ ബാറ്റ് ചെയ്യാനെത്തിക്കൊണ്ടിരുന്ന ധോണി എന്നാല്‍ ഇക്കുറി ബാറ്റിങ്ങ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയാണ് കളിക്കുന്നത്. ഇത് 'തല' ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന വിലയിരുത്തലുള്ള പശ്ചാത്തലത്തില്‍, താരം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മുന്‍ നിരയില്‍ ബാറ്റ് ചെയ്യണമെന്ന ആവശ്യമാണ് ആരാധകരും ക്രിക്കറ്റ് വിദഗ്‌ദരും ഉന്നയിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോള്‍, ചെന്നൈ നായകന്‍ എംഎസ് ധോണി എന്തുകൊണ്ടാണ് ടോപ് ഓര്‍ഡറിലോ, മിഡില്‍ ഓര്‍ഡറിലോ സ്വയം ബാറ്റ് ചെയ്യാനെത്താതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെയുടെ മുന്‍ താരവും നിലവില്‍ ടീമിന്‍റെ ബൗളിങ് പരിശീലകനുമായ ഡ്വെയ്‌ന്‍ ബ്രാവോ.
'ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനുള്ള തീരുമാനം അദ്ദേഹത്തിന്‍റേതാണ്. ശിവം ദുബെ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ എന്നിവര്‍ ധോണിക്ക് മുന്‍പായാണ് ബാറ്റ് ചെയ്യാന്‍ വേണ്ടി ക്രീസിലേക്കെത്തുന്നത്. താന്‍ സ്വന്തമായി ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനെത്തിയിട്ട്, മറ്റ് താരങ്ങള്‍ക്ക് കഴിയുന്നത്ര അവസരങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നത്.
ധോണി ഫിനിഷര്‍ റോളിലാണ് പലപ്പോഴും കളിക്കുന്നത്. ഇപ്പോള്‍ ക്രീസിലേക്കെത്തുന്ന പൊസിഷനില്‍ അദ്ദേഹം ഇഷ്‌ടത്തോടെയാണ് ബാറ്റ് ചെയ്യാനെത്തുന്നത്', ബ്രാവോ വ്യക്തമാക്കി. സീസണില്‍ ഇതുവരെയുള്ള പ്രകടനങ്ങള്‍ തങ്ങള്‍ക്ക് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് അവസാന മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയത്. ജയ്‌പൂരില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 170 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഈ മത്സരത്തില്‍ സിഎസ്‌കെയ്‌ക്കായി ബാറ്റ് ചെയ്യാന്‍ ധോണി എത്തിയിരുന്നില്ല.
അടുത്ത മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ എതിരാളികള്‍. ചെപ്പോക്കില്‍ ഞായറാഴ്‌ച വൈകുന്നേരം മൂന്നരയ്‌ക്കാണ് ഈ മത്സരം.