ദുബായ് : ഈ സീസണോടെ ഐപിഎല്ലിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി. ചെന്നൈയിൽവച്ച് വിടവാങ്ങൽ മത്സരം കളിക്കണമെന്നാണ് ആഗ്രഹം എന്ന് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
'ക്രിക്കറ്റിനോട് വിടപറയാൻ സമയമായിട്ടില്ല. ചെന്നൈക്ക് വേണ്ടി ഇനിയും കളിക്കണം എന്നാണ് ആഗ്രഹം. ചെന്നൈയിൽവച്ച് അവസാന മത്സരം കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്‍റെ വിടവാങ്ങൽ മത്സരം കാണാൻ ആരാധകർക്കും അവസരമുണ്ടാകും', ധോണി പറഞ്ഞു.
ഇന്ത്യ സിമന്‍റ്‌സിന്‍റെ 75-ാം വാർഷിക ആഘോഷവേളയിൽ വെർച്വലായി ആരാധകരുമായി സംവദിക്കുകയായിരുന്നു ധോണി. ക്രിക്കറ്റ് കരിയറിൽ നിന്ന് വിരമിച്ച ശേഷം ബോളിവുഡിലേക്കുണ്ടോ എന്ന ആരാധകന്‍റെ ചോദ്യത്തിനും താരം ഉത്തരം നൽകി.
ബോളിവുഡ് എന്‍റെ മേഖലയല്ല. സിനിമ വളരെ കഠിനമായ തൊഴിലാണ്. സിനിമാതാരങ്ങൾ അത് ചെയ്യട്ടെ. അവരാണ് അതിൽ മികച്ചത്. എന്നാൽ പരസ്യങ്ങൾ ചെയ്യുന്നതിൽ ഞാൻ സന്തുഷ്‌ടനാണ്. പരസ്യത്തിന് മുകളിലേക്ക് ഇതുവരെ ചിന്തിച്ചിട്ടില്ല, ധോണി പറഞ്ഞു.
രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 2020 ഓഗസ്റ്റിൽ വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിൽ മാത്രമാണ് കളിക്കുന്നത്. അതിനിടെ വരാനിരിക്കുന്ന ടി20 ലോകകപ്പിന്‍റെ മെന്‍റർ സ്ഥാനത്തേക്ക് താരത്തെ പരിഗണിച്ചതോടെ ഈ സീസണോടെ ഐപിഎല്ലിൽ നിന്ന് വിരമിക്കും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
ALSO READ : IPL 2021 : ക്വാളിഫയറിൽ കയറാൻ ബാംഗ്ലൂർ, ആശ്വാസ ജയത്തിനായി ഹൈദരാബാദ്
എന്നാൽ ഐപിഎല്ലിൽ ഇതുവരെയുള്ള മോശം ഫോമിലൂടെയാണ് ചെന്നൈ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ധോണിയുടെ കീഴിൽ ടീം മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്നുണ്ടെങ്കിലും താരത്തിന്‍റെ ബാറ്റിങ്ങിൽ പഴയ പ്രതാപത്തിന്‍റെ നിഴൽ പോലും കാണാൻ സാധിക്കുന്നില്ല. ഒൻപത് ഇന്നിങ്സുകളിൽ ബാറ്റ് ചെയ്‌ത താരത്തിന് വെറും 84 റണ്‍സ് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ.