ചെന്നൈ: കരുത്തരായ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി റ്റൽസിൽസിന് ആറുവിക്കറ്റിന്‍റെ വിജയം. മുംബൈയുടെ 137 എന്ന ചെറിയ സ്കോർ പിന്നിട്ടിറങ്ങിയ ഡൽഹി ശിഖാർ ധവാന്‍റെയും സ്റ്റീവ് സ്മിത്തിന്‍റയും ബാറ്റിംഗ് മികവിലാണ് വിജയം കണ്ടത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 53 റണ്‍സാണ് കൂട്ടിച്ചേർത്തത്. 42 പന്തിൽ 45 റണ്‍സ് എടുത്ത ധവാനാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. 29 പന്തിൽ നിന്ന് 33 റണ്‍സ് ആണ് സ്മിത്ത് നേടിയത്. ലളിത് യാദവും(22) ഷിംറോണ്‍ ഹെറ്റ്മയറും പുറത്താകാതെ നിന്നു. ഹെറ്റ്മയറാണ് വിജയ റണ്‍ നേടിയത്. ഡെത്ത് ഓവറുകളിലെ മികവ് കൊണ്ട് ഏത് സ്കോറും പ്രതിരോധിക്കുന്ന മുംബൈ ബോളർമാർക്ക് ഒരു ഘട്ടത്തിൽ പോലും ഡൽഹിക്ക് വെല്ലുവിളിയാകാൻ കഴിഞ്ഞില്ല.
ആദ്യം ബാറ്റ് ചെയ്‌ത മുംബൈയെ സ്പിന്നർ അമിത് മിശ്രയുടെ ബോളിങ് മികവിലാണ് ഡൽഹി ചെറിയ സ്‌കോറിൽ ഒതുക്കിയത്. ഡൽഹിക്കായി നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് കളിയിലെ താരം. രോഹിത് ശർമ, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, പൊള്ളാർഡ് എന്നിവരാണ് മിശ്രയുടെ ബോളിൽ കുരുങ്ങിയത്.
44 റണ്‍സ് എടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. മുംബൈ നിരയിൽ രോഹിത്തിനെ കൂടാതെ സൂര്യകുമാർ യാദവ്(24) , ഇഷാൻ കിഷൻ(26), വാലറ്റക്കാരനായ ജയന്ത് യാദവ്(23) എന്നിവരാണ് രണ്ടക്കം കടന്നത്. ഡൽഹിക്ക് വേണ്ടി ആവേശ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ കാഗിസോ റബാഡ, മാർക്കസ് സ്റ്റോയിൻസ്, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.