മുംബൈ: ഐപിഎല്ലില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈകാര്യം ചെയ്‌ത രീതിയില്‍ അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. അടുത്ത സീസണില്‍ താരത്തെ ചെന്നൈ ടീമിൽ കാണാനിടയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വന്തം യൂട്യൂബ് ചാനലിലാണ് ചോപ്ര ഇക്കാര്യം വ്യക്തമാക്കിയത്.
രവീന്ദ്ര ജഡേജ അടുത്ത സീസണില്‍ ചെന്നൈയിൽ ഉണ്ടാവില്ലെന്നാണ് എനിക്കു തോന്നുന്നത്. ചെന്നൈ ക്യാംപില്‍ ഇതു നിത്യസംഭവമാണ്. ഒരു സുപ്രഭാതത്തില്‍ ഒരു താരം കളിക്കാതെയാവുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സുരേഷ് റെയ്‌നയ്ക്കും സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്. കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം പെട്ടെന്നാണ് റെയ്‌നയെ അവര്‍ ടീമില്‍ നിന്നൊഴിവാക്കിയതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
മുന്‍ നായകന്‍ കൂടിയായ ജഡേജയ്‌ക്ക് പരിക്ക് മൂലം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകുമെന്ന് ചെന്നൈ മാനേജ്‌മെന്‍റ് ഇന്നലെ അറിയിക്കുകയായിരുന്നു. പരിക്കുമൂലം മെഡിക്കല്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജഡേജയെ ടീം വിട്ടുപോകാന്‍ അനുവദിക്കുകയാണ് എന്നാണ് ചെന്നൈ സി.ഇ.ഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കിയത്.
എന്നാല്‍ ജഡേജയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിന് മറ്റ് കാരണങ്ങളുണ്ട് എന്ന അഭ്യൂഹം ശക്തമാണ്. പരിക്കിനെ തുടര്‍ന്നാണ് ജഡേജയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റിയതെന്നായിരുന്നു നേരത്തെ ധോണി നല്‍കിയ വിശദീകരണം.