മുംബൈ : ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി ഒഴിവാക്കിയതും നിലനിര്‍ത്തിയതുമായ താരങ്ങളുടെ അന്തിമ പട്ടിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കോടികള്‍ മുടക്കി സ്വന്തമാക്കിയ നിരവധി താരങ്ങളെയാണ് ഇത്തവണ ഫ്രാഞ്ചൈസികള്‍ കയ്യൊഴിഞ്ഞത്.
ചില ഫ്രാഞ്ചൈസികള്‍ക്കൊപ്പം ദീര്‍ഘകാലമായി കളിക്കുന്ന പ്രമുഖരും പുറത്താക്കപ്പെട്ട കളിക്കാരുടെ പട്ടികയിലുണ്ടായിരുന്നു. വമ്പന്‍ തുക നേടി ഐപിഎല്‍ വാഴാനെത്തിയെങ്കിലും ഫ്ലോപ്പായതിനെത്തുടര്‍ന്ന് കയ്യൊഴിയപ്പെട്ട അഞ്ച് താരങ്ങളെ അറിയാം.
കെയ്ൻ വില്യംസൺ: സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ വലിയ ആസ്തികളിൽ ഒരാളായിരുന്നു ന്യൂസിലന്‍ഡ് താരം വില്യംസൺ. കഴിഞ്ഞ സീസണില്‍ 14 കോടി രൂപയാണ് കിവീസ് താരത്തിനായി ഫ്രാഞ്ചൈസി മുടക്കിയത്. 2015 മുതല്‍ ടീമിനൊപ്പമുള്ള താരം 2018 മുതല്‍ ടീമിന്‍റെ നായകനുമായിരുന്നു.
എന്നാല്‍ കഴിഞ്ഞ സീസണിലെ മോശം പ്രകടനം താരത്തിന് പുറത്തേക്കുള്ള വഴി തുറന്നു. ടൂർണമെന്‍റിന്‍റെ മുൻ പതിപ്പിൽ 13 മത്സരങ്ങളിൽ നിന്ന് 216 റൺസ് മാത്രമാണ് വില്യംസണിന് നേടാന്‍ കഴിഞ്ഞത്.
മായങ്ക് അഗർവാൾ : പഞ്ചാബ് കിങ്‌സിന്‍റെ ക്യാമ്പിൽ നിന്നുമുള്ള മായങ്കിന്‍റെ പുറത്താവല്‍ അപ്രതീക്ഷിതമായിരുന്നു. 14 കോടി രൂപയാണ് മായങ്കിനായി പഞ്ചാബ് കിങ്‌സ് മുടക്കിയത്. കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസിയെ നയിച്ചതും മായങ്കാണ്. എന്നാല്‍ ക്യാപ്റ്റനായും വ്യക്തിഗതമായും തിളങ്ങാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. 11 ഇന്നിങ്‌സുകളില്‍ നിന്നും 195 റണ്‍സ് മാത്രമാണ് മായങ്ക് നേടിയത്.
നിക്കോളാസ് പുരാൻ: ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ 10.75 കോടി രൂപയ്ക്കാണ് പുരാനെ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരങ്ങളുടെ ഗതി ഒറ്റയ്‌ക്ക് മാറ്റിമറിയ്‌ക്കാന്‍ കെല്‍പ്പുള്ള താരമെന്ന നിലയിലാണ് ഹൈദരാബാദ് പുരാനായി വമ്പന്‍ തുക മുടക്കിയത്. എന്നാല്‍ സീസണില്‍ നനഞ്ഞ പടക്കമായ പുരാന്‍ 14 മത്സരങ്ങളിൽ നിന്നും 316 റൺസ് മാത്രമാണ് നേടിയത്.
ജേസൺ ഹോൾഡർ: ഐപിഎൽ അരങ്ങേറ്റക്കാരായിരുന്ന ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനായാണ് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടര്‍ കഴിഞ്ഞ സീസണില്‍ കളിച്ചത്. 8.75 കോടി രൂപയായിരുന്നു ലഖ്‌നൗ ഹോൾഡർക്കായി മുടക്കിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ഹോള്‍ഡര്‍ക്ക് കഴിഞ്ഞില്ല. 12 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റും 58 റൺസും മാത്രമാണ് താരം നേടിയത്.
റൊമാരിയോ ഷെപ്പേർഡ്: സൺറൈസേഴ്‌സ് ഹൈദരാബാദാണ് വെസ്റ്റ് ഇൻഡീസ് താരത്തെ കൈവിട്ടത്. കഴിഞ്ഞ സീസണില്‍ 7.75 കോടി രൂപയാണ് ഷെപ്പേർഡിനായി ഫ്രാഞ്ചൈസി മുടക്കിയത്. സീസണില്‍ മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച താരം മൂന്ന് വിക്കറ്റുകളാണ് വീഴ്‌ത്തിയത്.