ന്യൂഡല്‍ഹി : കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 16ാം പതിപ്പില്‍ നിന്ന് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ പകരക്കാരനായി ബംഗാളിന്‍റെ യുവതാരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. 20കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഷേക് പോറലിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സൈന്‍ ചെയ്‌തേക്കുമെന്നാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ടീമിന്‍റെ ഒരാഴ്‌ചയോളം നീണ്ടുനിന്ന പരിശീലന ക്യാമ്പില്‍ അഭിഷേക് പങ്കെടുത്തിരുന്നു.
താരത്തിനൊപ്പം അൺക്യാപ്പ്ഡ് വിക്കറ്റ് കീപ്പർമാരായ ഷെൽഡൺ ജാക്‌സൺ, ലുവ്‌നിത്ത് സിസോദിയ, വിവേക് സിങ് എന്നിവരേയും ഫ്രാഞ്ചൈസി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്ത് പരീക്ഷിച്ചിരുന്നു. ക്രിക്കറ്റ് ഡയറക്ടർ സൗരവ് ഗാംഗുലിയുടെയും മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങ്ങിന്‍റെയും നേതൃത്വത്തിലുള്ള ഡല്‍ഹി ക്യാപിറ്റൽസ് കോച്ചിങ് സ്റ്റാഫിന്‍റെ നിരീക്ഷണത്തിന് ശേഷമാണ് അഭിഷേകിനെ തെരഞ്ഞെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ സീസണിലൂടെ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ അഭിഷേക് പോറലിന് ബാറ്റുകൊണ്ട് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നായി 22 റണ്‍സ് മാത്രമാണ് അഭിഷേകിന് നേടാന്‍ കഴിഞ്ഞത്. 20 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 26 ഇന്നിങ്‌സുകളില്‍ ആറ് അര്‍ധ സെഞ്ചുറികള്‍ നേടാന്‍ അഭിഷേകിന് കഴിഞ്ഞിട്ടുണ്ട്. 73 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. ഫ്രാഞ്ചൈസിയുമായി കരാറിലെത്തിയാലും അഭിഷേക് ടീമിന്‍റെ ബാക്കപ്പ് ഒപ്ഷനാവാനാണ് സാധ്യത.
മുംബൈ താരം സര്‍ഫറാസ് ഖാനെ വിക്കറ്റ് കീപ്പറായി പരീക്ഷിക്കാനാണ് ഡല്‍ഹി താല്‍പര്യപ്പെടുന്നതെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് ആഭ്യന്തര സീസണുകളിലും റണ്ണടിച്ച് കൂട്ടിയ സര്‍ഫറാസ് ഖാന്‍ മിന്നും ഫോമിലാണ്. ആഭ്യന്തര മത്സരങ്ങളില്‍ പലപ്പോഴും വിക്കറ്റ് കീപ്പ് റോളില്‍ സര്‍ഫറാസ് എത്തിയിട്ടുണ്ട്.
കിവീസ് താരം ഫില്‍ സാള്‍ട്ടാണ് ടീമിലെ ഏകദിന വിക്കറ്റ് കീപ്പര്‍ ബാറ്ററായ വിദേശതാരം. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് റിഷഭ് പന്ത് കാര്‍ അപകടത്തില്‍പ്പെടുന്നത്. ഡിസംബർ 30ന് പുലർച്ചെ ഡൽഹി - ഡെറാഡൂൺ ഹൈവേയിൽ താരം സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ ഡിവൈഡറിൽ ഇടിച്ചുകയറി തീ പിടിക്കുകയായിരുന്നു. ന്യൂയറിന് അമ്മയ്‌ക്ക് സര്‍പ്രൈസ് നല്‍കുന്നതിനായുള്ള യാത്രയ്‌ക്കിടെ ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ മംഗല്ലൂരിനും നർസനുമിടയിലാണ് പന്ത് അപകടത്തില്‍പ്പെടുന്നത്.
ALSO READ: IPL 2023: പന്തില്ലാതെ പടയ്‌ക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്; ലക്ഷ്യം കന്നി കിരീടം
അപകടത്തില്‍ പരിക്കേറ്റ പന്തിന്‍റെ വലത് കാല്‍മുട്ടിലെ മൂന്ന് ലിഗ്‌മെന്‍ഡിനുമുള്ള ശസ്ത്രക്രിയ രണ്ട് ഘട്ടങ്ങളിലായി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കുറച്ച് മാസങ്ങള്‍ കൂടിയുള്ള വിശ്രമത്തിന് ശേഷമാവും പന്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ കഴിയുക. അതേസമയം പന്തിന്‍റെ അഭാവത്തില്‍ 2023 സീസണിലെ ക്യാപ്റ്റനായി ഓസീസ് താരം ഡേവിഡ് വാര്‍ണറെ ഡല്‍ഹി ക്യാപിറ്റല്‍സ് തെരഞ്ഞെടുത്തിട്ടുണ്ട്.