മുംബൈ: 2022 ലെ ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താൻ തീരുമാനിച്ച് ബിസിസിഐ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയവും, ഡിവൈ പാട്ടിൽ സ്റ്റേഡിയവുമാണ് പ്രധാന വേദികൾ. ആവശ്യമെങ്കിൽ പൂനെയേയും വേദിയായി പരിഗണിക്കും. അതേസമയം സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് 27 പുതിയ സീസണ്‍ ആരംഭിക്കാൻ ബിസിസിഐ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിലേക്കോ ശ്രീലങ്കയിലേക്കോ നടത്താൻ ബിസിസിഐ ആലോചിച്ചിക്കുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
മെഗാ ലേലത്തിന് 1214 കളിക്കാര്‍
ഫെബ്രുവരി 12, 13 ദിവസങ്ങളില്‍ ബെംഗളൂരുവിലാണ് ഐപിഎൽ മെഗാ ലേലം നടക്കുക. മെഗാ ലേലത്തിനായി 1214 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്‌തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 896 ഇന്ത്യന്‍ താരങ്ങളും 318 വിദേശ താരങ്ങളുമാണ് മെഗാ ലേലത്തിനായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
270 ക്യാപ്‌ഡ്, 903 അൺക്യാപ്പ്, 41 അസോസിയേറ്റ് കളിക്കാരാണ് ഇതിൽ ഉള്‍പ്പെടുന്നത്. 59 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്‌ത ഓസ്‌ട്രേലിയയാണ് ഏറ്റവും കൂടുതല്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത വിദേശ രാജ്യം. ദക്ഷിണാഫ്രിക്ക (48), വെസ്റ്റ് ഇന്‍ഡീസ് (41) തുടങ്ങിയവരും തൊട്ട് പിറകെയുണ്ട്.
ALSO READ: ഐപിഎല്‍ മെഗാ ലേലം: ഗെയ്ല്‍, സ്റ്റാര്‍ക്, ആര്‍ച്ചര്‍ വിട്ട് നില്‍ക്കുന്നത് വമ്പന്മാര്‍
ശ്രീലങ്ക (36), ഇംഗ്ലണ്ട് (30), ന്യൂസിലാൻഡ് (29), അഫ്ഗാനിസ്ഥാൻ (20) എന്നിങ്ങനെയാണ് കൂടുതല്‍ കളിക്കാർ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് രാജ്യങ്ങളിൽ ചിലത്. ചെറിയ ക്രിക്കറ്റ് രാജ്യങ്ങളായ നേപ്പാൾ (15), യുഎസ്എ (14), നമീബിയ (5), ഒമാൻ (3) എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരും തങ്ങളുടെ പേരുകൾ ലേലത്തിൽ ചേർത്തിട്ടുണ്ട്.