മുംബൈ : ഐഎപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 194 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 193 റണ്‍സ് എടുത്തത്. ഓപ്പണര്‍ ജോസ് ബട്‌ലറുടെ സെഞ്ചുറി പ്രകടനമാണ് രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. 11 ഫോറുകളും അഞ്ച് സിക്‌സും പറത്തിയ ബട്‌ലര്‍ 68 പന്തില്‍ 100 റണ്‍സെടുത്തു.
മത്സരത്തിന്‍റെ തുടക്കം മുതല്‍ ബട്‌ലര്‍ കത്തിക്കയറിയെങ്കിലും സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാളും (രണ്ട് പന്തില്‍ 1) മൂന്നാമന്‍ ദേവ്ദത്ത് പടിക്കലും (7 പന്തില്‍ 7) വേഗം തിരിച്ച് കയറിതോടെ ആറ് ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണെ കൂട്ടുപിടിച്ച് ബട്‌ലര്‍ അടിതുടര്‍ന്നു.
മറുവശത്ത് സഞ്ജുവും അനായാസം റണ്‍സ് കണ്ടെത്തിയതോടെ 14 ഓവറില്‍ ടീം സ്‌കോര്‍ 130ല്‍ എത്തി. 15ാം ഓവറിന്‍റെ രണ്ടാം പന്തില്‍ 21 പന്തില്‍ 30 റണ്‍സെടുത്ത സഞ്‌ജു വീണു. എന്നാല്‍ തുടര്‍ന്നെത്തിയ ഷിമ്രോന്‍ ഹെറ്റ്‌മയര്‍ കളം വാണു. 14 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും പറത്തി 35 റണ്‍സെടുത്താണ് താരം കളം വിട്ടത്.
ഹെറ്റ്‌മയറിന് പിന്നാലെ ബട്‌ലറും പുറത്തായതോടെ രാജസ്ഥാന്‍റെ സ്‌കോറിന്‍റെ വേഗത കുറഞ്ഞു. അവസാന ഓവറുകളില്‍ വേണ്ട വിധം റണ്‍സ് കണ്ടെത്താനും രാജസ്ഥാന് കഴിഞ്ഞില്ല. റിയാന്‍ പരാഗ് (4 പന്തില്‍ 5), ആര്‍ അശ്വിന്‍ (1 പന്തില്‍ 1), നവ്‌ദീപ് സെയ്‌നി (2 പന്തില്‍ 2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ട്രെന്‍റ് ബോള്‍ട്ട് (1 പന്തില്‍ 1) പുറത്താവാതെ നിന്നു.
മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ടൈമല്‍ മില്‍സും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റ് സ്വന്തമാക്കി.