കൊല്‍ക്കത്ത: ഐപിഎല്ലിന്‍റെ 15ാം പതിപ്പ് അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. സീസണിലെ മൂന്ന് പ്ലേഓഫ് മത്സരങ്ങളിൽ ആദ്യത്തേത് ഇന്ന് നടക്കുകയാണ്. ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമാവാന്‍ ടേബിൾ ടോപ്പർമാരായ ഗുജറാത്ത് ടൈറ്റൻസും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസുമാണ് പോരടിക്കുന്നത്.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. മികച്ച ഫോമിലുള്ള ഒരുപിടി താരങ്ങളുമായി പ്രതീക്ഷയിലാണ് ഇരു ടീമുകളും. യുവ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്തും സഞ്‌ജു സാംസണിന്‍റെ രാജസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആര്‍ക്കൊപ്പമാവും ജയമെന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.
എന്നാല്‍ മത്സരത്തില്‍ ഗുജറാത്തിനുമേല്‍ രാജസ്ഥാന് മേല്‍ക്കൈയുണ്ടെന്നാണ് ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി പറയുന്നത്. ഏതൊരു വലിയ മത്സരത്തിലും തങ്ങളുടെ അനുഭവപരിചയം ഉപയോഗിക്കാനാകുന്ന മൂന്ന് ബൗളർമാരുടെ സാന്നിധ്യമാണ് രാജസ്ഥന് മുന്‍ തൂക്കം നല്‍കുന്നതെന്ന് വെട്ടോറി പറഞ്ഞു.
"എനിക്ക് അശ്വിൻ-ചാഹൽ കോമ്പിനേഷൻ ഇഷ്ടമാണ്, അത് രാജസ്ഥാന് മധ്യ ഓവറുകളില്‍ മുതല്‍ക്കൂട്ടാവുന്നുവെന്നാണ് ഞാൻ കരുതുന്നുത്. അതിനാൽ, അവർ രണ്ടുപേരും ട്രെന്‍റ് ബോൾട്ടും ചേരുമ്പോള്‍ രാജസ്ഥാൻ അൽപ്പം മുന്നിലാണെന്ന് ഞാൻ കരുതുന്നു." വെട്ടോറി പറഞ്ഞു. ഗുജറാത്ത് ബൗളിങ് നിര മോശമല്ലെന്നും വെട്ടോറി കൂട്ടിച്ചേര്‍ത്തു.
also read: IPL 2022 | പ്ലേ ഓഫിൽ മത്സരം മുടങ്ങിയാൽ വിധി നിർണയം ഇങ്ങനെ
ഗ്രൂപ്പ് ഘട്ടത്തിലെ 14 മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റുമായി ചാഹലാണ് നിലവില്‍ പർപ്പിൾ ക്യാപ് സ്വന്തമാക്കി വെച്ചിരിക്കുന്നത്. മികച്ച ഇക്കോണമി റേറ്റോടെ 14 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനും, 13 വിക്കറ്റുകൾ വീഴ്‌ത്തി ട്രെന്‍റ് ബോൾട്ടും രാജസ്ഥാന്‍റെ വിജയങ്ങളില്‍ നിര്‍ണായകമാണ്. കൂടാതെ 15 വിക്കറ്റ് വീഴ്ത്തിയ പ്രസിദ് കൃഷ്ണയും കുല്‍ദീപ് സെന്നും ടീമിന് മുതല്‍ക്കൂട്ടാണ്.