മുംബൈ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മിന്നുന്ന പ്രകടനമാണ് പാറ്റ് കമ്മിന്‍സ് നടത്തിയത്. മുംബൈ ഉയർത്തിയ 162 റൺസ് വിജയ ലക്ഷ്യം പാറ്റ് കമ്മിന്‍സിന്‍റെ തീപ്പൊരി ബാറ്റിങ്ങിലാണ് കൊൽക്കത്ത മറികടന്നത്. വെറും 15 പന്തില്‍ 56 റണ്‍സടിച്ച താരത്തിന്‍റെ മികവില്‍ നാല് ഓവർ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റിന്‍റെ ജയം പിടിക്കാന്‍ കൊല്‍ക്കത്തയ്‌ക്കായിരുന്നു.
മത്സരത്തിന് പിന്നാലെ കമ്മിന്‍സിന്‍റെ പ്രകടനത്തില്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നടുക്കം രേഖപ്പെടുത്തുകയും ചെയ്‌തു. കമ്മിന്‍സ് അങ്ങനെ കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് രോഹിത് പറയുന്നത്. മികച്ച രീതിയില്‍ കളിച്ചതിന് താരത്തിന് അഭിനന്ദനങ്ങള്‍ നേരുന്നതായും രോഹിത് പറഞ്ഞു.
''15ാം ഓവര്‍ വരെ മത്സരം ഞങ്ങള്‍ക്കൊപ്പമായിരുന്നു. അവരെ കീഴടക്കാമെന്നും ഞങ്ങള്‍ കരുതി. പക്ഷേ കമ്മിൻസ് കളിച്ച രീതി വ്യത്യസ്‌തമായിരുന്നു. അവസാന കുറച്ച് ഓവറുകളിൽ മത്സരം കൈവിട്ട് പോവുകയെന്നത് അംഗീകരിക്കാന്‍ ഒരല്‍പം പ്രയാസമാണ്. മത്സരങ്ങള്‍ ജയിക്കാനായി ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്'' - രോഹിത് പറഞ്ഞു.
also read: കൊറിയൻ ഓപ്പണ്‍ : കുതിപ്പ് തുടര്‍ന്ന് സാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി സഖ്യം ; ക്വാര്‍ട്ടറില്‍
അതേസമയം ടൂര്‍ണമെന്‍റില്‍ ഇതേവരെ ഒരു ജയം പോലും നേടാന്‍ രോഹിത്തിനും സംഘത്തിനുമായിട്ടില്ല. കൊല്‍ക്കത്തയ്‌ക്ക് പുറമെ ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളോടാണ് രോഹിത്തിന്‍റെ മുംബൈ തോല്‍വി വഴങ്ങിയത്.