അഹമ്മദാബാദ് : ഐപിഎല്ലില്‍ മിന്നുന്ന പ്രകടത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായ താരമാണ് ജോസ് ബട്‌ലര്‍. കളിച്ച 16 മത്സരങ്ങളില്‍ നാല് സെഞ്ചുറിയടക്കം 824 റൺസടിച്ച് കൂട്ടിയ ബട്‌ലര്‍ സീസണിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. ഇംഗ്ലീഷ് താരം മികച്ച പ്രകടനം നടത്തുമ്പോഴൊക്കെ രാജസ്ഥാൻ റോയൽസ് താരങ്ങളുടെ കുടുംബാംഗങ്ങൾ ഇരിക്കുന്ന ബോക്സിലേക്കാകും ക്യാമറക്കണ്ണുകള്‍ പായുക.
അവിടെ രാജസ്ഥാൻ ജഴ്‌സിയിൽ ആര്‍പ്പുവിളിക്കുന്ന ലാറ വാന്‍ ഡർ ദസ്സന്‍ ബട്‌ലറുടെ ഭാര്യയാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. യഥാർഥത്തിൽ ദക്ഷിണാഫ്രിക്കൻ താരം റാസ്സി വാൻ ഡർ ദസ്സന്‍റെ ഭാര്യയാണ് ലാറ. ഇപ്പോഴിതാ ആരാധകരുടെ ഈ 'തെറ്റിദ്ധാരണയില്‍' പ്രതികരിച്ചിരിക്കുകയാണ് ലാറ വാന്‍ ഡർ ദസ്സന്‍. ‘ഞാൻ ജോസിന്‍റെ ഭാര്യയാണെന്നാണ് ആളുകൾ വിചാരിക്കുന്നത്.
കുറച്ചധികം തവണ ക്യാമറയിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാവാമിത്. ആഹ്ളാദത്തില്‍ മുഴുകുമ്പോള്‍ എനിക്കും ധനശ്രീക്കും (യുസ്‌വേന്ദ്ര ചാഹലിന്‍റെ ഭാര്യ) പലപ്പോഴും സ്വയം നിയന്ത്രിക്കാൻ കഴിയില്ല. ബട്‌ലർ സെഞ്ചുറി നേടുമ്പോൾ സംഭവിക്കുന്നതും ഇതുതന്നെ. ഇക്കാരണത്താലാവാം ഞാൻ ബട്‌ലറുടെ ഭാര്യയാണെന്ന് ആരാധകർ വിചാരിക്കുന്നത്. എന്തായാലും സംഭവം കൊള്ളാം’ - ലാറ രാജസ്ഥാന്‍ റോയല്‍സ് പോഡ്‌കാസ്റ്റിനോട് പറഞ്ഞു.
‘ജോസിനെ രണ്ടാം ഭർത്താവായി ദത്തെടുത്ത പോലെയെന്ന് തോന്നുന്നു. ഞാൻ ലൂയ്സെ എന്നാണ് അറിയപ്പെട്ടിരുന്നത്, അതാണ് അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേരെന്ന് കരുതുന്നു, എന്നാല്‍ അവരെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല’ - ലാറ കൂട്ടിച്ചേര്‍ത്തു.
also read: ക്യാപ്റ്റനും വിക്കറ്റ് കീപ്പറും മികച്ച ബാറ്ററും, സഞ്‌ജു അസാമാന്യ പ്രതിഭയെന്ന് സംഗക്കാര
ഐപിഎല്‍ ഫോട്ടോഗ്രാഫർമാർക്കായി എന്തെങ്കിലും സന്ദേശമുണ്ടോ എന്ന ചോദ്യത്തോട് ലാറ പ്രതികരിച്ചത് ഇങ്ങനെ, "15ഓളം ഫോട്ടോഗ്രാഫർമാരുണ്ട്, ജോസ് ബാറ്റ് ചെയ്യുന്ന ഒരോ ഗെയിമിലും ക്യാമറ എന്‍റെ നേരെ തിരിക്കുന്നയാളുടെ പേരറിയില്ല. ഇത് വിചിത്രമാണ്. ഞാന്‍ ജോസിന്‍റെ ഭാര്യയല്ലെന്നും റാസിയുടെ ഭാര്യയാണെന്നും ദയവായി മനസിലാക്കൂ‘ - ലാറ കൂട്ടിച്ചേർത്തു.