മുംബൈ : ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ലീഗില്‍ ആദ്യമായാണ് ഇരു സംഘവും നേര്‍ക്കുനേര്‍ വരുന്നത്.
നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ് ഗുജറാത്ത്. എന്നാല്‍ എട്ടാം സ്ഥാനത്താണ് ഹൈദരാബാദുള്ളത്. ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വിയറിയാത്ത ഏക ടീമാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരായ ത്രസിപ്പിക്കുന്ന ജയത്തിന്‍റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്.
അതേസമയം തുടര്‍തോല്‍വിക്ക് പിന്നാലെ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയാണ് ഹൈദരാബാദിന്‍റെ വരവ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് കെയ്‌ന്‍ വില്ല്യംസണും സംഘവും മലര്‍ത്തിയടിച്ചത്.
ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, ശുഭ്‌മാന്‍ ഗില്‍, മാത്യു വെയ്ഡ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനമാവും ഗുജറാത്തിന് നിര്‍ണായകമാവുക. മറുവശത്ത് നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി, അബ്ദുല്‍ സമദ് തുടങ്ങിയ താരങ്ങളുണ്ടെങ്കിലും സ്ഥിരതയില്ലായ്‌മ ഹൈദരാബാദിന് തലവേദനയാണ്.
also read: IPL 2022 | ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമായി ചാഹല്‍
ബൗളിങ് യൂണിറ്റില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നത് ടീമിന് ആശ്വാസമാണ്. കഴിഞ്ഞ മത്സരത്തില്‍ മിന്നിയ അഭിഷേക് ശര്‍മയുടെ പ്രകടനവും സംഘത്തിന് നിര്‍ണായകമാകും.