ഷാർജ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 10 വിക്കറ്റ് വിജയം. ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 115 റൺസ് പിന്തുടർന്ന മുംബൈ 13ാം ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു. മുംബൈയുടെ ഓപ്പണർമാരായ ഇഷാൻ കിഷാൻ 37 പന്തിൽ നിന്ന് 68 റൺസും ക്വന്‍റന്‍ ഡി കോക്ക് 46 പന്തിൽ നിന്നും 37 നേടി പുറത്താകാതെ നിന്നു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് സ്‌കോർബോഡ് തുറക്കും മുമ്പേ ആദ്യ വിക്കറ്റ് നഷ്‌ടമായി. ആദ്യ ഓവറിലെ അവസാന ബോളിൽ ഗയ്‌ക്ക്‌വാദിനെ എൽബിയിൽ കുരുക്കിയ ട്രെന്‍റ് ബൗൾട്ടാണ് ചെന്നൈയുടെ വിക്കറ്റ് വീഴ്‌ചയ്‌ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറിൽ തുടർച്ചയായ രണ്ട് പന്തിൽ അമ്പാട്ടി റായിഡുവിനേയും ജഗതീശനേയും ബുംറ മടക്കി. അഞ്ചാമനായി ഇറങ്ങി ഇന്നിങ്ങ്‌സിലെ ആദ്യ ബൗണ്ടറി നേടിയ ധോണിയെ 16 റണ്‍സിൽ നിൽക്കേ കീപ്പറിന്‍റെ കൈകളിൽ ചാഹർ കുരുക്കി. നൂറിന് താഴെ അവസാനിക്കുമെന്ന് തോന്നിച്ച ചെന്നൈ ഇന്നിങ്ങ്‌സിനെ 114 എന്ന സ്‌കോറിലേക്ക് എത്തിച്ചത് സാം കുറന്‍റെ അർധ സെഞ്ച്വറി (52) ചെറുത്ത് നിൽപ്പാണ്. കുറനെക്കൂടാതെ ധോണിക്കും(16) ഷർദുൽ ഠാക്കൂറിനും(11) ഇമ്രാൻ താഹിറിനും(13) മാത്രമാണ് രണ്ടക്കം കടക്കാനായത്.