അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന്‍റെ ക്ഷീണം തീര്‍ക്കാന്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് മുംബൈയുടെ എതിരാളികള്‍. ഐപിഎല്‍ 13ാം പതിപ്പിലെ ആദ്യ മത്സരത്തിനാണ് നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. നാല് തവണ കപ്പടിച്ച മുംബൈയും രണ്ട് തവണ കപ്പ് സ്വന്തമാക്കിയ നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍ വരുമ്പോള്‍ അബുദാബി ക്രിക്കറ്റ് സ്റ്റേഡിയം ആരാധകര്‍ക്ക് വരുന്നൊരുക്കും. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള മുംബൈയെ നേരിടാന്‍ ശക്തമായ ടീമുമായാണ് ഇത്തവണ ദിനേശ് കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്.
ഐപിഎല്‍ താരലേലത്തില്‍ റെക്കോഡ് തുകക്ക് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സടക്കം ഒമ്പത് പേരാണ് കൊല്‍ക്കത്തയുടെ തട്ടകത്തില്‍ പുതുതായി എത്തിയത്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ ഓയിന്‍ മോര്‍ഗന്‍, ക്രിസ് ഗ്രീന്‍, ടോം ബന്‍ടണ്‍ എന്നിവരാണ് ഇത്തവണ ടീമിലെത്തിയ മറ്റ് വിദേശ താരങ്ങള്‍. ആന്‍ഡ്രേ റസലും കൊല്‍ക്കത്തക്കായി പാഡണിയും. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഗെയിം ചേഞ്ചറായി തിളങ്ങുന്ന താരമാണ് റസല്‍. പവർ പ്ലേയിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന സുനിൽ നരെയ്ൻ, ശുഭ്മാൻ ഗിൽ എന്നിവരാകും കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരാകുക.
ക്വിന്‍റണ്‍ ഡികോക്കും സൗരവ് തിവാരിയും ഒഴികെയുള്ള ബാറ്റ്സ്‌മാന്‍മാര്‍ സിഎസ്‌കെക്ക് എതിരെ മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തില്‍ നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ജസ്‌പ്രിത് ബുമ്രയും മെച്ചപ്പെടാനുണ്ട്. റണ്‍ വഴങ്ങുന്ന കാര്യത്തില്‍ പിശുക്ക് കാണിച്ചില്ലെങ്കില്‍ ടീമിന് തിരിച്ചടിയാകും.
ഇരു ടീമുകളും 25 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 19 തവണയും ജയം മുംബൈക്ക് ഒപ്പമായിരുന്നു. ആറ് തവണ മാത്രമാണ് നൈറ്റ് റൈഡേഴ്സ് വിജയിച്ചത്.